കോഴഞ്ചേരി: കോഴഞ്ചേരി ടൗണിലെ ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം മിനി സിവില്‍ സ്റ്റേഷനു പിന്നിലായി കെട്ടിക്കിടക്കുന്നു. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം ടൗണിലാകമാനം വ്യാപിച്ചു.ടൗണിലെ പ്രധാന ബസ് സ്റ്റോപ്പിനോടു ചേര്‍ന്നാണ് ഓടയില്‍ മലിനജലവും ഒഴുകിയെ ത്തിയ ഇതര മാലിന്യങ്ങളും കെട്ടിക്കിടക്കുന്നത്. ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും അടക്കമുള്ള വെള്ളമാണ് ഓടകളിലൂട ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത്. ബസ് സ്റ്റോപ്പ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാന്‍ഡ് എന്നിവയോടെ ചേര്‍ന്ന ഭാഗത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്.
കോഴഞ്ചേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി പണികഴിപ്പിച്ചിട്ടുള്ള മിനി സിവില്‍ സ്റ്റേഷന്റെ പിന്നിലായാണ് മലിനജലം ഒഴുകിയെത്തിയിരിക്കുന്നത്. ബസ് കാത്തുനില്‍ക്കുന്നവരും വ്യാപാരികളും ഇതോടെ ഏറെ ദുരിതത്തിലായി. ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഇതിനു സമീപത്തു പ്രവര്‍ത്തിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നുള്ള കൊതുകുകളും ഈച്ചകളും നഗരത്തില്‍ ശല്യമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങള്‍ തള്ളുന്നതുമൂലം കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് ടികെ റോഡിലൂടെ കടന്നുവരുമ്പോള്‍ തന്നെ ദുര്‍ഗന്ധമാണ്. ഇതോടൊപ്പമാണ് ടൗണ്‍ മധ്യത്തിലെ മലിനജലസംഭരണം.