നിലമ്പൂര്‍: കാട്ടാനക്കൂട്ടം വാഴത്തോട്ടത്തില്‍ കയറി വ്യാപക കൃഷിനാശം വിതച്ചതില്‍ മനംനൊന്ത കര്ഷകന് കൃഷിയിടത്തിന് സമീപത്തെ വനത്തിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ആനമറിയിലെ പള്ളിപ്പറമ്പില്‍ ജോണ്‍ മാത്യുവെന്ന ബേബിയാണ് മരത്തില്‍ കയറി കഴുത്തില്‍ തുണികൊണ്ടുള്ള കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇയാളുടെ കൃഷിയിടത്തിലെ നൂറോളം കുലച്ച നേന്ത്രവാഴയാണ് കാട്ടാനക്കൂട്ടം പാടെ നശിപ്പിച്ചത്. വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് വനാതിര്‍ത്തിയിലാണ് ഇയാള്‍ പാട്ടത്തിനു ഭൂമിയെടുത്ത് വാഴകൃഷി നടത്തിവരുന്നത്. കാട്ടാനശല്യം ഏറെയുള്ള ഇവിടെ രാത്രിയില്‍ സാധാരണയായി കാവല്‍ നില്‍ക്കാറുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരവരെ ഇയാള്‍ കൃഷിയിടത്തില്‍ കാവലിനുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നും വീണ്ടും കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം വാഴകള്‍ നശിപ്പിച്ചതായി കണ്ടത്. അടുത്തിടെ 20,000 രൂപയോളം ചെലവഴിച്ച് കൃഷിയിടത്തിന് ചുറ്റും സ്വന്തമായി സൗരോര്‍ജ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതെല്ലാം തകര്‍ത്താണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. കൃഷിനാശം കണ്ടപാടെ ഇയാള്‍ സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. മുന്‍പും ഇതേ കൃഷിയിടത്തില്‍ ഇയാളുടെ വാഴകൃഷി കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. വനംവകുപ്പില്‍ നിന്നും ഒരു സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല.
നഷ്ടപരിഹാരം ലഭിക്കുന്നതിന് വനംവകുപ്പ് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ പാട്ടഭൂമിയിലെ കര്‍ഷകനായ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഭൂമിയുടെ ആധാരത്തിന്റെ കോപ്പി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതിശീട്ട് എന്നിവ ഹാജരാക്കേണ്ടതുണ്ട്. ഇതൊന്നും ഹാജരാക്കാന്‍ കഴിയാത്തത് കാരണമാണ് ഇയാള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടത്. ഇക്കുറിയും നഷ്ടപരിഹാരം ലഭിക്കാന്‍ വഴിയില്ലെന്ന മനോവിഷമത്തിലാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ബാങ്കില്‍ നിന്നുമാണ് വായ്പയെടുത്താണ് കൃഷി നടത്തിയത്. വിവരമറിഞ്ഞ് വഴിക്കടവ് റേഞ്ച് ഓഫീസര്‍ കെ.സമീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.അരുണേശ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും വഴിക്കടവ് എസ്ഐ അജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസും വഴിക്കടവ് കൃഷി ഓഫീസര്‍ തുടങ്ങിയവരും സ്ഥലത്തെത്തി.
ഒരാഴ്ചക്കുള്ളില്‍ വനംവകുപ്പില്‍ നിന്നുമുള്ള നഷ്ടപരിഹാരതുക ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പത്ത് മണിയോടെ കര്ഷകന് മരത്തില്‍ നിന്നു ഇറങ്ങിയത്. വര്‍ഷങ്ങളായി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിട്ടും അധികൃതര്‍ ശാശ്വതമായ നടപടി സ്വീകരിക്കാന്‍ കാണിക്കുന്നതിലുള്ള വിമുഖതയാണ് കൃഷി ചെയ്ത് ജീവിക്കാന്‍ ആവാത്ത അവസ്ഥ കര്‍ഷകര്‍ക്ക് ഉണ്ടായത്.