സി.അനില്‍കുമാര്‍
പാലക്കാട്: പുരാണങ്ങളില്‍ ദുര്‍ഗ സംഹാരത്തിന്റെ മൂര്ത്തീമദ്ഭാവമായിരിക്കാം. പക്ഷേ, ഇവിടെ ദുര്‍ഗാലക്ഷ്മി സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. തന്റെ കൂട്ടുകാരെല്ലാം രക്ഷിതാക്കളുടെ സ്നേഹത്തണല്‍ രുചിക്കുന്ന സമയത്ത് ഇവള് വ്യത്യസ്തയാണ്. അകലെ കാഴ്ചയുടെ വിളക്കുമാടങ്ങള്‍ കണ്ണടച്ച അച്ഛനെയാണ് ഇവളോര്ക്കുക.
ഒരുനിമിഷംപോലും പാഴാക്കാനാതെ സ്കൂള്‍ യൂണിഫോമില്‍ തന്നെ കറുത്ത കണ്ണട ധരിച്ച അച്ഛനരികെ ഇവളോടിയെത്തും. കാരണം അച്ഛനാണ് ഇവള്ക്കെല്ലാം. ചുറ്റുപാടിലെ ബഹളങ്ങള്‍ക്കിടയിലേക്ക് ലോട്ടറി..ലോട്ടറി എന്ന ചൊല്ലുവിളിയുടെ കടിഞ്ഞാണെറ്റെടുക്കും. അച്ഛനെ സാക്ഷിയാക്കി ശേഷിക്കുന്ന ലോട്ടറിയെല്ലാം വിറ്റുതീര്‍ക്കും. ഇതു ദുര്‍ഗാലക്ഷ്മിയുടെ പതിവുരീതികള്‍. പാലക്കാടിന്റെ കാഴ്ചയോരങ്ങളില് പതിവുകാഴ്ച.
അതെ, ദുര്‍ഗാലക്ഷ്മി എന്ന പെണ്‍കുട്ടി നഗരത്തിലെ ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. വള്ളിക്കോട് പാലക്കയ്ക്കപ്പറമ്പ് കുമാരന്- സുഭാഷിണി ദമ്പതികളുടെ മകള്‍. ബാല്യകാലത്തേ കാഴ്ചയുടെ നിറങ്ങളും സ്വപ്നങ്ങളും അന്യമായ വ്യക്തിയായിരുന്നു കുമാരന്. ആദ്യം വലതുകണ്ണിനും പിന്നീട് ഇടതു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. വിദഗ്ധ ചികിത്സകള്‍ക്കും കാഴ്ചശക്തി നല്‍കാനാവില്ലെന്ന ആ—ശുപത്രി അധികൃതരുടെ മുന്നറിയിപ്പ് ഈ കുടുംബത്തിന്റെ സ്വപ്നങ്ങളെ ഇരുട്ടിലാക്കി.
എന്നാല്‍, തളരാന്‍ കുട്ടാക്കാത്ത കുമാരന് ലോട്ടറിവില്പനയുമായി രംഗത്തിറങ്ങി. തട്ടും തടവുമായി ജീവിതവും മുന്നോട്ടുനീങ്ങി. ഇതിനിടെ കല്യാണം കഴിഞ്ഞു. മകളും ജനിച്ചു. പക്ഷേ, ദാരിദ്ര്യവും അന്ധതയും സ്വപ്നങ്ങള്‍ക്കുമേല്‍ അടയിരിക്കാന്‍ കുമാരന് അനുവദിച്ചില്ല. വര്‍ഷംചെല്ലുംതോറും വളര്‍ന്നുവരുന്ന മകള്‍ ദുര്ഗാലക്ഷ്മിയായിരുന്നു ഈ ദമ്പതികളുടെ സ്വപ്നവും ഭീതിയും.
പിച്ചവച്ചുനടക്കുമ്പോഴേ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ പെണ്‍കുട്ടി കൗമാരത്തില്‍ കുടുംബത്തിനു കൂട്ടാവുകയായിരുന്നു. മാതാവ് സുഭാഷിണി വടക്കന്തറ പച്ചക്കറിക്കടയില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി താണാവിലുള്ള ഫോറസ്റ്റ് ഡിവിഷന്റെ മുമ്പിലുള്ള റെയില്‍വേ സ്റ്റേഷന് റോഡിനരികിലാണ് ഇവരുടെ ലോട്ടറിവില്പന.
രാവിലെ മാതാവ് സുഭാഷിണിയാണ് ഇവരെ അവിടെ കൊണ്ടുവിടുന്നത്. സ്കൂളില്‍ ഉച്ചവരെ മാത്രമേ ക്ലാസുള്ളൂ. 12.30 നു ക്ലാസ് വിട്ടുകഴിഞ്ഞാല്‍ അവള് അച്ഛനോടൊപ്പം ചേരും. ടിക്കറ്റ് വിറ്റു തീരുംവരെ ഇരുട്ടോളം അച്ഛനു മകള്‍ തണലാകും. ഇതിനിടെ, സ്കൂളിലെ സുഹൃത്തുക്കള്‍ കണ്ടാലും ദുര്‍ഗയ്ക്കു പരിഭവമില്ല. തന്റെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ പാടുപെടുന്ന മാതാപിതാക്കളെയാണ് ഇവള് അന്നേരം ഓര്‍മിക്കുക. വിലപ്ന തീര്‍ന്നതിനുശേഷം അച്ഛന്റെ കൈയുംപിടിച്ച് ഈ മകള്‍ വീട്ടിലക്കു മടങ്ങും. ദിവസം തോറും 60 ടിക്കറ്റുകള്‍ വില്‍ക്കും.
വള്ളിക്കോടുള്ള കുടുംബ വീട്ടില്‍ നാലു സെന്റ് സ്ഥലത്തു ഷെഡ് കെട്ടിയാണ് ഈ കുടുംബം താമസിക്കുന്നത്. കിടപ്പാടമില്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് ഈ ദമ്പതികളെ അലട്ടുകയാണ്. വളര്‍ന്നുവരുന്ന മകളെ അടച്ചുറപ്പുള്ള വീട്ടില്‍ വളര്‍ത്തണമെന്ന ഈ അച്ഛനമ്മമാരുടെ സ്വപ്നം ഇന്നും ഇരുട്ടറയിലാണ്.