കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി മുറവിളി ഉയരുന്നു

ktm-ksrtcമണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും കോയമ്പത്തൂരിലേക്കും മേട്ടുപ്പാളയത്തേക്കും അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കൂടുതല്‍ തുടങ്ങണമെന്ന ആവശ്യം ശക്തമായി. നിലവില്‍ മണ്ണാര്‍ക്കാട്ടുനിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേക്ക് ഒന്നും മേട്ടുപ്പാളയത്തേക്ക്  ഒരു സര്‍വീസുമാണുള്ളത്. താമരശേരിയില്‍നിന്നും ഒരു സര്‍വീസ് ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുണ്ട്. ഈ സര്‍വീസുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ണാര്‍ക്കാടുനിന്നും പാലക്കാട് വഴിയും സര്‍വീസുണ്ട്.

ഇവയെല്ലാം മികച്ച കളക്ഷനുള്ളവയുമാണ്.ആനക്കട്ടിവഴി രണ്ടു സര്‍വീസ് കോയമ്പത്തൂരിലേക്കു ഉണ്ടായിരുന്നെങ്കിലും പെര്‍മിറ്റില്ലാത്തതിനാല്‍ ഒരു സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട് പുതിയ പെര്‍മിറ്റിനായി സര്‍ക്കാര്‍ ശ്രമിച്ചതുമില്ല.കോയമ്പത്തൂരുമായി ചേര്‍ന്നു കിടക്കുന്ന മണ്ണാര്‍ക്കാടുമായി നിരവധിപേര്‍ക്കാണ് ബന്ധമുള്ളത്. ഇവയെല്ലാം പാലക്കാട് വഴിയാണ് പോകുന്നത്. അട്ടപ്പാടി വഴി പൊതുസര്‍വീസ് ആരംഭിച്ചാല്‍ മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനാകും.

കോയമ്പത്തൂരിലേതുപോലെ തന്നെ മേട്ടുപ്പാളയത്തും നല്ല തിരക്കാണ്. ഈ ബസ് കാത്തുനില്ക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ ഓടിച്ചാല്‍ കെഎസ്ആര്‍ടിസിക്കും വന്‍ലാഭം ഉണ്ടാക്കാനാകും. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഈ സര്‍വീസുകള്‍ക്കു കഴിയും. ദേശീയപാതയെ അപേക്ഷിച്ച് ഗതാഗതക്കുരുക്ക് കുറവായതിനാല്‍ കൂടുതല്‍പേര്‍ ഈ പാത തെരഞ്ഞെടുക്കുന്നു.

ബസ് ചാര്‍ജും ഇതുവഴി കുറവാണ്. ഇതു പതിവുയാത്രക്കാര്‍ക്കു ഗുണം ചെയ്യും. ജില്ലയിലെ മാതൃകാ പ്രവര്‍ത്തനം നടത്തുന്ന ഡിപ്പോയാണ് മണ്ണാര്‍ക്കാട്. അധികൃതര്‍ ഇതു കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗതപ്രശ്‌നം രൂക്ഷമായ അട്ടപ്പാടിക്കും പുതിയ അന്തര്‍ സംസ്ഥാന സര്‍വീസ് ഗുണം ചെയ്യും.

Related posts