കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറക്കാന്‍ താമസിച്ച കണ്ടക്ടര്‍ക്കു മര്‍ദനം

ksrtcകായംകുളം: കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറക്കാന്‍ താമസിച്ചതില്‍ പ്രകോപിതനായ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചു. തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായ കവിയൂര്‍ കൃഷ്ണകൃപയില്‍ പ്രദീപിനാണു (30) മര്‍ദനമേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരം കായംകുളം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലായിരുന്നു സംഭവം. പരിക്കേറ്റ പ്രദീപിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി ധര്‍മനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസില്‍ ചവറ ടൈറ്റാനിയം സ്‌റ്റോപ്പില്‍നിന്നും കായംകുളത്തിനാണ് ഇയാള്‍ ടിക്കറ്റെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസിന്റെ ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള വാതില്‍ തുറക്കാന്‍ താമസിപ്പിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. വാതില്‍ തുറക്കണമെന്ന ആവശ്യം കണ്ടക്ടര്‍ ശ്രദ്ധിക്കാതിരുന്നതാണ് മര്‍ദിക്കാന്‍ കാരണമായതെന്ന് ഇയാള്‍ പറഞ്ഞു.

സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ധര്‍മനെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് തടഞ്ഞുവച്ചശേഷം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കണ്ടക്ടര്‍ ആശുപത്രിയിലായതോടെ ബസിന്റെ യാത്ര മുടങ്ങി. ഇതോടെ യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിടുകയായിരുന്നു.

Related posts