കേരള കോണ്‍ഗ്രസ്-എമ്മിന്റെ പുറത്തുപോക്ക്: ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകള്‍ ശ്രദ്ധാകേന്ദ്രം

pkd-keralacongressകണ്ണൂര്‍: കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലാണ് രാഷ്ട്രീയമാറ്റം പ്രതിസന്ധി സൃഷ്ടിക്കുക. രണ്ട് പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസ്- എമ്മിന്് രണ്ട് അംഗങ്ങളാണുള്ളത്. രണ്ടിടത്തും യുഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ കൂടിയേ തീരൂ.ജില്ലയില്‍ കേരള കോണ്‍ഗ്രസ്- എമ്മിന് ഗ്രാമപഞ്ചായത്തുകളില്‍ പത്തും ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ അയ്യങ്കുന്ന്, ആലക്കോട്, ചെറുപുഴ, ഉദയഗിരി എന്നിവിടങ്ങളില്‍ രണ്ട് വീതവും ആറളം, പയ്യാവൂര്‍ പഞ്ചായത്തുകളില്‍ ഓരോ സീറ്റുമാണുള്ളത്. എന്നാല്‍ ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളില്‍ മാത്രമേ പുതിയമാറ്റം പ്രതിസന്ധി സൃഷ്ടിക്കുകയുള്ളൂ.

ചെറുപുഴയില്‍ ആകെയുള്ള 19 സീറ്റില്‍ യുഡിഎഫിന് 11 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് ഒന്‍പതും കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടും സീറ്റുണ്ട്. എല്‍ഡിഎഫിന് ഏഴ് സീറ്റാണുള്ളത്. ഒരു സീറ്റ് കോണ്‍ഗ്രസ് വിമതനാണ്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ മെംബര്‍മാര്‍ പിന്തുണ പിന്‍വലിക്കുകയോ ഇവരുടെ സഹകരണം വേണ്ടെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയോ ചെയ്താല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. കോണ്‍ഗ്രസ് വിമതനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

ഉദയഗിരി പഞ്ചായത്തില്‍  യുഡിഎഫിന് ഒന്‍പതും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. യുഡിഎഫിലെ രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനാണ്. സഹകരണം വേണ്ടെന്ന് വച്ചാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റുകള്‍ വീതമാകും.  തദ്ദേശ, സഹകരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ധാരണകള്‍ തുടരുമെന്നാണ് കേരള കോണ്‍ഗ്രസ്- എം പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുള്ള ധാരണ തകര്‍ക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് കെ.എം.മാണി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതായും അറിയുന്നു.

മുന്നണിവിട്ടശേഷം  യാതൊരു സഹകരണവും വേണ്ടെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്്. തദ്ദേശസ്ഥാപനങ്ങളില്‍ ഇപ്പോഴുള്ള നില തുടരാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ വേണ്ടെന്നാണ് യുഡിഎഫ് ചെയര്‍മാന്‍ പി.പി.തങ്കച്ചന്‍ ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, സാഹചര്യങ്ങള്‍ പഠിച്ചശേഷമേ ഇതുസംബന്ധിച്ച നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമെടുക്കുന്ന നിലാപാടിനെ അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളു. എടുത്തുചാടി തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts