ആലത്തൂര്‍: അഞ്ചുവര്‍ഷംമുമ്പ് നടന്ന വാഹനാപകടത്തില്‍ കേസെടുത്ത ഉത്തര്‍പ്രദേശ് പോലീസ് പ്രതിഭാഗം വിവരങ്ങള്‍ നല്‍കാത്ത നിലപാടിനെതിരെ ആലത്തൂര്‍ സ്വദേശി ഡല്‍ഹിയിലെ യുപി ഭവനുമുമ്പില്‍ സ്വാതന്ത്ര്യദിനത്തില്‍ നിരാഹാര സമരത്തിനായി യാത്ര തിരിച്ചു.പാലക്കാട് ആലത്തൂര്‍ പെരുംകുളം ദേവീനിവാസില്‍ സോമകുമാര്‍ നായര്‍ (50) ആണ് സമരത്തിനു ഡല്‍ഹിയിലേക്ക് പോയിട്ടുള്ളത്. അയല്‍വാസി ഗംഗാധരന്, ഗ്രാമപഞ്ചായത്തംഗം പി.വിജയന് എന്നിവരും കൂടെയുണ്ട്.
ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഖത്തോളി മുസാഫര്‍നഗര്‍ ജി.ടി.റോഡ് ബൈപാസില്‍ 2011 ഡിസംബര്‍ 30 ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിറകില്‍ മറ്റൊരു കാറിടിച്ചായിരുന്നു അപകടം. ഡല്‍ഹിയിലെ മോണാര്‍ക്ക് ട്രാവല്സില്നിന്നും വാടകയ്ക്ക് എടുത്ത ഡി.എല്‍ 3 സി എഎക്സ് 5208 നമ്പര്‍ കാറിലായിരുന്നു സോമകുമാര്‍ നായര്‍, ഭാര്യ ബിന്ദു, മക്കളായ സവിനയ, സൂര്യ എന്നിവര്‍ സഞ്ചരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് മുസാഫര്‍നഗര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെനിന്ന് ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് റഫര്‍ ചെയ്തു. സോമകുമാര്‍ നായരുടെ നട്ടെല്ലിനും ഭാര്യ ബിന്ദുവിന്റെ ഇടുപ്പെല്ലിലും മറ്റു പല ഭാഗത്തും പരിക്കേറ്റു. മകള്‍ സവിനയയുടെ മൂക്കിന്റെ എല്ലുപൊട്ടി. കാറില്‍ സഞ്ചരിച്ച എല്ലാവര്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
കാര്‍ െ്രെഡവര്‍ മംഗള്‍ എന്നയാള്‍ക്കു നിസാര പരിക്ക് ആയതിനാല്‍ അയാള്‍ മുസഫര്‍നഗര്‍ ആശുപത്രിയില്‍നിന്ന് അപ്രത്യക്ഷനായി. ഖത്തോളി പോലീസ് അപകടത്തിന്റെ കേസ് എടുത്തിരുന്നില്ല. ഒന്നരവര്‍ഷത്തിനു ശേഷം അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിലൂടെ കേസെടുത്ത് എഫ്ഐആറിന്റെ പകര്‍പ്പ് സോമകുമാര്‍ നായര്‍ക്ക് അയച്ചുകൊടുത്തു.
എന്നാല്‍ അപകട ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിക്കാനാവശ്യമായ വിവരങ്ങള്‍ യുപി ഖത്തോളി പോലീസ് ഇതുവരെ നല്‍കിയിട്ടില്ല കേസിനാവശ്യമായ രേഖകള്‍ ലഭിക്കണമെന്നതാണ് സോമകുമാര്‍ നായരുടെ ആവശ്യം. ഇതിനുവേണ്ടിയാണ് ഓഗസ്റ്റ് 15 മുതല്‍ ഡല്‍ഹിയിലെ യു.പി. ഭവനുമുമ്പില്‍ നിരാഹാരസമരത്തിനു പുറപ്പെട്ടിട്ടുള്ളത്. ഇതുവരെ ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനാല്‍ സോമകുമാര്‍ നായര്‍ മുംബൈയില്‍ സ്വന്തമായി നടത്തിവന്നിരുന്ന സ്ഥാപനം നിന്നുപോയി. ഇപ്പോള്‍ ഇവരെല്ലാം നാട്ടിലാണ് താമസവും ചികിത്സയും നടത്തുന്നത്. ജീവിതത്തിനും ചികിത്സയ്ക്കും വഴിയില്ലാതെയുള്ള കഷ്ടപ്പാടിലും, പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലുമാണ് സോമകുമാര്‍ നായര്‍.