ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ ജോയി.പി.ജോണിന്റെ കൊലപാതകത്തില്‍ മകന് ഷെറിനു മാത്രമേ പങ്കുള്ളോ എന്ന സംശയമുയരുന്നു. കൊലപാതകം നടത്തിയ രീതിയും കൊലയ്ക്ക് ഉപയോഗിച്ച സാമഗ്രികളേയും കുറിച്ചും പോലീസിന് കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം സംശയമുയരാന്‍ കാരണം. ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമാണിതെന്നാണ് നാട്ടുകാരുടെ സംശയം. കൊലപാതകത്തിന് പ്രവീണ്‍ വധക്കേസുമായുള്ള സാമ്യതയും കൊലപാതകികള്‍ പ്രഫഷണലുകളാണോ എന്ന സംശയം ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു.
കൃത്യം നിര്‍വഹിച്ചു എന്നു പറയുന്നതില്‍ പോലും ഷെറിന് രണ്ടഭിപ്രായമാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. മുളക്കുഴയ്ക്ക് സമീപം കാറില്‍ വച്ച് ഷെറിന് പിതാവായ ജോയിയെ വെടിവച്ചു വീഴ്ത്തിയെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് അത് ഗോഡൗണില്‍ വച്ചാണ് ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. ഗോഡൗണിനുള്ളില്‍ വെടികൊണ്ട് രക്തം തെറിച്ച് വീണിരിക്കുന്ന പാടുകളുണ്ട്. കാറില്‍ നിന്നും രക്തത്തുള്ളികളും പോലീസ് കണ്ടെത്തിയിരുന്നു. വെടിവെച്ച് വീഴ്ത്തിയ ശേഷം ഗോഡൗണില്‍ ശരീരഭാഗങ്ങള്‍ കത്തിച്ചു കളഞ്ഞ സ്ഥലം വെള്ള മൊഴിച്ച് വൃത്തിയാക്കിയതും, ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി തള്ളിയതും മറ്റും ഒരാള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവര്‍ത്തിയാണോ എന്നതാണ് നാട്ടുകാരുടെ സംശയം.
ഷെറിന് മലയാളം അറിയാത്തത് ചോദ്യം ചെയ്യലിനെ ബാധിക്കുന്നു
പ്രവാസി മലയാളിയായ ചെങ്ങന്നൂര്‍ സ്വദേശിയുടെ കൊലപാതകത്തില്‍ പ്രതിയായ മകന് മലയാളം വശമല്ലാത്തത് ചോദ്യം ചെയ്യലില്‍ പോലീസിനെ കുഴക്കുന്നു. ചോദ്യങ്ങള്‍ കൃത്യമായ രീതിയില്‍ ഷെറിന് മനസിലാകുന്നുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഷെറിന് പറയുന്ന മറുപടികളിലെ വൈരുദ്ധ്യത്തിന് കാരണം അതാണോയെന്ന സംശയവും പോലീസിനുണ്ട്. ഷെറിന് പറയുന്ന ഉത്തരങ്ങള്‍ മനസിലാക്കുന്നതിനും പ്രയാസമുണ്ടെന്നാണ് ചിലകേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു
ജോയി.പി.ജോണ്‍ വധക്കേസില്‍ കൊലപാതകിയെന്നു സംശയിക്കുന്ന മകനായ ഷെറിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു. ആദ്യം പറയുന്നതല്ല പിന്നീട് ഒന്നുകൂടി ചോദിക്കുമ്പോള്‍ ഷെറിന് പറയുന്നതെന്നാണ് പോലീസ് ഭാഷ്യം. കൊലപാതക രീതിയെപ്പറ്റി ഷെറിന് പറഞ്ഞ വാദങ്ങള്‍ തെറ്റാണെന്നതാണ് പോലീസിന്റെ നിഗമനം. പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത് എവിടെവെച്ച്, ശേഷം മൃതശരീരത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായി കത്തിച്ചിരുന്നോ.
കൊലയ്ക്ക് ഷെറിന് സഹായികള്‍ ഉണ്ടായിരുന്നോ. ആസൂത്രിതമായ കൊലയായിരുന്നോ ഇത് എന്നുള്ള സംശയങ്ങള്‍ക്ക് പോലീസിന് ഇതുവരെയും കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ല. ഷെറിനില്‍ നിന്ന് ലഭിച്ച വിവിധ വിവരങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മാത്രമാണ് പലതും കണ്ടെത്താനാകുന്നതെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ ഷെറിന് മൊഴികള്‍ മാറ്റുന്നത് ആരെയെങ്കിലും സംരക്ഷിക്കുന്നതിനാണോയെന്ന സംശയവും പോലീസിനുണ്ട്.
കൊലപാതകരീതിക്ക് പ്രവീണ്‍ വധക്കേസുമായി സാമ്യം
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി പി.ജോണിന്റെ കൊലപാതകത്തിന് പ്രമാദമായ പ്രവീണ്‍ വധക്കേസുമായി അടുത്ത സാമ്യം. പത്തുവര്‍ഷം മുമ്പ് നടന്ന പ്രവീണ്‍ വധക്കേസിലും ശരീരഭാഗങ്ങള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി പലയിടങ്ങളിലായി തള്ളിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മലപ്പുറം ജില്ലയില്‍ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പിയായി ജോലി നോക്കിയിരുന്ന ഷാജിയായിരുന്നു കേസിലെ പ്രധാന പ്രതി. ഷാജിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പ്രവീണിന് ഷാജിയുടെ ഭാര്യയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമായിരുന്നുഅന്ന് കൊലയിലേക്ക് നയിച്ചത്.
2005 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ഏറ്റുമാനൂരിന് സമീപം വിജനമായ സ്ഥലത്ത് പ്രവീണിനെ മര്‍ദിച്ച് ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇത് കണ്ടെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പോലീസ് വകുപ്പിലെ ഉന്നതനടക്കമുള്ളവര്‍ പിടിയിലാകുകയുമായിരുന്നു. സമാനമായ രീതിയിലെ കൊലപാതകമാണ് ചെങ്ങന്നൂരിലും നടന്നിരിക്കുന്നത്. കൊലപ്പെടുത്തിയശേഷം പിതാവിന്റെ മൃതദേഹം മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഇടതുകൈ ഇന്നലെ പാണ്ടനാട് ഇടക്കടവിന് സമീപത്തുനിന്നും തല ചിങ്ങവനത്തുനിന്നും ഉടല് ചങ്ങനാശേരിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
കഴിഞ്ഞ 25 മുതല്‍ ജോയി പി ജോണിനെയും മകനെയും കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ മകന് വെടിവച്ച് കൊന്നതായുള്ള അഭ്യൂഹം ഉയര്‍ന്നത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടന്നതായുള്ള തരത്തില്‍ പോലീസിന് തെളിവുകള്‍ ലഭിച്ചത്. പിന്നീട് കോട്ടയത്തുനിന്നും ഷെറിനെ പിടികൂടുകയുമായിരുന്നു. സ്വത്ത് തര്‍ക്കവും പിതാവിന്റെ വഴിവിട്ട ജീവിതവുമാണ് ഇവിടെ കൊലയ്ക്ക് കാരണമായതെന്നാണ് ഷെറിന് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങള്‍ പങ്കാളികളായ പ്രവീണ്‍ കൊലക്കേസിന് സാമാനമായ ചെങ്ങന്നൂര്‍ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് സംശയിച്ചുവരുന്നതായാണ് വിവരം.
നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും ‘ഷെറിന്”
ചെങ്ങന്നൂര്‍: നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ക്ക് പിന്നിലും ഷെറിന്‍മാര്‍. ചെങ്ങന്നൂര്‍ ഭാസ്കര കാര്‍ണവര്‍ വധക്കേസില്‍ പിടിയിലായത് അദ്ദേഹത്തിന്റെ മരുമകളായ ഷെറിനായിരുന്നു.ഷെറിനും കാമുകനും കൂട്ടാളിയും ചേര്‍ന്ന് സ്വത്തിനുവേണ്ടി ഭാസ്കര കാരണവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ വഴിവിട്ട ബന്ധം ഭര്‍ത്തൃപിതാവ് അറിഞ്ഞതും കൊലപാതകത്തിന് കാരണമായിരുന്നു. 2009ലായിരുന്നു ചെങ്ങന്നൂരിനെ നടുക്കിയ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്ക്കര്‍.എം. കാരണവരുടെ കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം നടന്ന ജോയി.പി.ജോണിന്റെ കൊലപാതകത്തിലും മകനായ ഷെറിനാണ് മുഖ്യപ്രതിയെന്നാണ് പോലീസ് നിഗമനം. ഇവിടെ പിതാവിന്റെ വഴിവിട്ട ജീവിതരീതികളും സ്വത്ത് തര്‍ക്കവുമാണ് കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഇരുവരും വിദേശമലയാളികളാണ്. രണ്ടുപേരും അമേരിക്കയില്‍ താമസക്കാരുമായിരുന്നു. വാഴാര്മംഗലത്തിന് കിലോമീറ്ററുകള്‍മാത്രം അകലെയാണ് ഏഴുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട് ഭാസ്ക്കര കാരണവരുടെ വീട്.