കോഴി കര്‍ഷകരെ തകര്‍ക്കാന്‍ തമിഴ്‌നാട് ലോബി

alp-kozhiകല്‍പ്പറ്റ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന ചെറുകിട കോഴികൃഷിക്ക് തടയിടുന്നതിനായി തമിഴ്‌നാട് ലോബി കോഴിക്കുഞ്ഞുങ്ങളുടെ വില വര്‍ധിപ്പിച്ചു. എന്നാല്‍ ഇറച്ചിയുടെ വില കുറക്കുകയും ചെയ്തു. 100 ഗ്രാം മാത്രം വിലവരുന്ന കോഴിക്കുഞ്ഞൊന്നിന് 41 ഉം ഇറച്ചിക്ക് 50 ഉം രൂപ മാത്രം ഈടാക്കിയാണ് കേരളത്തിലെ ഇറച്ചിക്കോഴി കൃഷി മുന്നേറ്റം തടയുന്നതിനായി മേഖലയിലെ കുത്തകക്കാരായ തമിഴ്‌നാടും കര്‍ണാടകയും ഇറക്കുമതി ചെയ്യുന്നത്.

നിലവില്‍ വയനാട്ടിലെ കര്‍ഷകരുടെ കൈവശമുള്ള കോഴിയുടെ ലാഭകരമായ വിപണി തടസപ്പെടുന്നതിനായാണ് ഇറച്ചിവിലയില്‍ കുറവ് വരുത്തിയതെങ്കില്‍ ഓണം വിപണിയില്‍ കേരളത്തില്‍ നിന്നുള്ള കോഴി ലഭ്യമാവാതെ വിപണി നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് സാഹചര്യമൊരുക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വില 41 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറച്ചിക്കോഴിക്കുണ്ടായിരുന്ന ഉയര്‍ന്ന വിലയാണ് തമിഴ്‌നാടിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞത്. വയനാട്ടില്‍ 200 ഉം 240 ഉം രൂപ വരെ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ നിലവിലെ വില 140ഉം 150ഉം ആണ്. ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന വിധത്തിലാണ് കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കോഴി വാങ്ങുന്നത്. തമിഴ്‌നാട്ടില്‍ വരള്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കോഴി ഇറക്കുമതി പുനരാരംഭിച്ചതോടെയാണ് വില കുറയാനിടയായത്.

ഇപ്പോള്‍ കിലോയ്ക്ക് 50 രൂപ തോതിലാണ് തമിഴ്‌നാട്ടില്‍ നിന്നും കോഴിയിറച്ചി വയനാട്ടിലെ കടകളിലെത്തുന്നത്. ഇതോടെ ഈ മേഖലയിലേക്ക് പുതുതായി എത്തിയ നിരവധി കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള പാകമായ കോഴികളെ വന്‍ നഷ്ടത്തിന് വില്‍പന നടത്തേണ്ട സാഹചര്യത്തിലെത്തി. നേരത്തെ 20 ഉം 22 ഉം രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 38 മുതല്‍ 41 രൂപ വരെയാണ് വില ഈടാക്കുന്നത്.

വില്‍പനയ്ക്ക് പാകമാവാന്‍ 40 ദിവസം വേണമെന്നിരിക്കെ ഓണവിപണിയില്‍ ജില്ലയില്‍ നിന്നുള്ള കോഴികള്‍ ലഭ്യമാവാതെ ഉയര്‍ന്ന വില നല്‍കി തമിഴ്‌നാടിനെ തന്നെ ആശ്രയിക്കാനും ജില്ലയിലെ വര്‍ധിച്ചുവരുന്ന കര്‍ഷകരെ തടയാനുമാണ് തമിഴ്‌നാട് ലോബികളുടെ നിക്കം. വയനാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറികള്‍ ഇല്ലാത്തതും ഇടനിലക്കാരെ മാറ്റിനിര്‍ത്തി വിപണി കണ്ടെത്താനാവാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കിയാണ് കോഴികൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ കേരളത്തില്‍ കോഴിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ല.

Related posts