കൊല്ലങ്കോട്: ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വടവന്നൂര്‍,മുതലമട, പയിലൂര്മൊക്ക് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ ടൗണിലെത്തുമ്പോള്‍ ലക്ഷ്യസ്ഥലത്തേക്ക് എത്തുവാന്‍ ഗതാഗതതടസം കാരണം ദീര്‍ഘനേരം വൈകുകയാണ്. കുരുവികൂട്ടുമരം മുതല്‍ പയിലൂര്മൊക്ക് വരെയുള്ള റോഡിന് വീതി കുറവായതാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കാന്‍ തടസമാവുന്നത്.
റോഡിനിരുവശത്തെ അഴുക്കുചാലുകളില്‍ സ്ലാബിടാത്തതിനാല്‍ യാത്രക്കാരും വാഹനസഞ്ചാരവഴിയില്തന്നെ നടന്നുപോകേണ്ടിവരുന്നു. ഇതുമൂലം നിരവധിഅപകടങ്ങളും ജീവഹാനിവരെയും സംഭവിച്ചിട്ടുണ്ട്. പയിലൂര്മൊക്ക്,മുതലമട എന്നിവിടങ്ങളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് അടിയന്തര ചികിത്സയ്ക്കായി രോഗികളുമായി എത്തുന്ന ആംബുലന്‍സും ഗതാഗതതടസത്തില്‍ അകപ്പെട്ട് ദീര്‍ഘനേരം വഴിയിലകപ്പെടാറുണ്ട്.
പൊള്ളാച്ചിയില്‍നിന്നും തൃശൂരിലേക്കുള്ള നൂറുക്കണക്കിന് ചരക്കുലോറികളും ഇടുങ്ങിയ റോഡിലെത്തുന്നതും ഗതാഗതതടസം രൂക്ഷമാക്കുകയാണ്. ചരക്കുലോറികളും ഇതരവാഹനങ്ങളും ടൗണിലെത്താതെ സഞ്ചരിക്കാന്‍ ബൈപാസ് റോഡ് നിര്‍മിക്കണമെന്ന വാഹനയാത്രക്കാരുടെ ആവശ്യം മുടന്തന്‍ ന്യായവാദമുന്നയിച്ച് ബന്ധപ്പെട്ട അധികൃതര്‍ അവഗണിച്ചുവരുന്നതില് പ്രതിഷേധം വര്‍ധിച്ചുവരികയാണ്.