മാള: ഒ.വി. വിജയന്റെ നോവല്‍ “ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ആത്മാക്കള്‍ തുമ്പികളായി മാള സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ ചുമരില്‍ വിരുന്നുകാരായെത്തി. കുപ്പുവച്ചനും മാധവന്‍നായരും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും വിരുന്നുകാരായി മാളയിലെത്തി. മിയാന്‍ ഷേക്ക് തങ്ങളുടെ പള്ളിയും കാറ്റിലാടുന്ന കരിമ്പനകളും ചുമരുകളില്‍ നിരന്നു.
ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കൊടുങ്ങല്ലൂരില്‍ തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതി അവതരിപ്പിക്കുന്ന ദീപന് ശിവരാമന് സംവിധാനം ചെയ്ത “ഖസാക്കിന്റെ ഇതിഹാസം’ നാടകത്തിന്റെ പ്രചാരണാര്‍ഥമാണ് മാളയിലും ചിത്രരചന നടന്നത്.
ഡാമി മുസിരിസ്, സുധി, ബാബു ഇരിങ്ങാലക്കുട, അയൂബ് എന്നീ ചിത്രകലാകാരന്മാരാണ് നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ ചിത്രങ്ങളാക്കിയത്. ഇവരുള്‍പ്പെടെ ഒരു ഡസനോളം ചിത്രകാരന്മാരാണ് ഏതാനും ദിവസങ്ങളായി കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയിലും പറവൂരുമെല്ലാം മതിലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഫ്ളെക്സ് ഉള്‍പ്പെടെയുള്ള പ്രകതി വിരുദ്ധ പ്രചാരണോപാധികള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള പ്രചാരണ രീതി ഇതിനകം വ്യാപക ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മാളയിലെ ചിത്രരചന പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കുസമം ജോസഫ്, അഡ്വ. എം.കെ. അനൂപ്, പി.കെ. കിട്ടന് എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ സലാം, വൈസ് ചെയര്മാന് കെ.എച്ച്. ഹുസൈന് എന്നിവരോടൊപ്പം മാളയിലെ സാംസ്കാരിക പ്രവര്‍ത്തകരായ പ്രഫ. സി. കര്മചന്ദ്രന്, റസല്‍ തോമസ്, ഗിന്നസ് സുധീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.