വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. മറ്റുവാഹനങ്ങളിലുള്ളവരും നാട്ടുകാരും ചോമ്പാല പോലീസും യഥാസമയം ഇടപെട്ട് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വടകരയില്‍ നിന്നു രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ഒരു പ്രദേശമാകെ കത്തിച്ചാമ്പലാവാന്‍ ഇടയാക്കുമായിരുന്ന സംഭവം ബന്ധപ്പെട്ടവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത്.
മലപ്പുറം ചേളാരിയില്‍ നിന്ന് കണ്ണൂര്‍ ശ്രീകണ്ഠാപുരത്തേക്കു പോവുകയായിരുന്ന ഇന്‍ഡേന്‍ കമ്പനിയുടെ കെഎല്‍ 10 വൈ 124 നമ്പര്‍ ലോറിക്കാണ് യാത്രക്കിടയില്‍ തീപിടിച്ചത്. 306 ഗ്യാസ് സിലിണ്ടറുകളുള്ള ലോറിയുടെ പിന്നില്‍ ഇടതുഭാഗത്തെ ടയറുകള്‍ക്കു തീപിടിച്ച കാര്യം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ടയറുകളില്‍ ഒന്ന് പഞ്ചറായി റോഡിലുരസി തീപിടിക്കുകയായിരുന്നു. പിന്നീട് രണ്ടാമത്തെ ടയറിലേക്കും തീപടര്‍ന്ന് ആളിക്കത്തി.
പിന്നിലെ വന്ന വാഹനത്തിലുള്ളവരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ലോറിയെ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. താഴെ മുക്കാളിയില്‍ ലോറി നിര്‍ത്തിയ ഉടന്‍ മറ്റു വാഹനങ്ങളിലുള്ളവരും സമീപവാസികളും തീ കെടുത്താന്‍ പരിശ്രമിച്ചു. ചോമ്പാല പോലീസും പിന്നീട് വടകരയില്‍ നിന്നു ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് ടയറുകള്‍ക്ക് പിടിച്ച തീ കെടുത്താനായാത്. അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി കെ.സുരേന്ദ്രന്, ചോമ്പാല അഡീഷണല്‍ എസ്ഐ മധു കുറുപ്പത്ത് എന്നിവര്‍ സ്ഥലത്തെത്തി.