ചെങ്ങറയിലെ സമാന്തര ഭരണം അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

klm-chengaraകൊല്ലം: ചെങ്ങറ സമരഭൂമിയില്‍ നടക്കുന്ന അനധികൃതമായ സമാന്തര ഭരണ വ്യവസ്ഥയെ കുറിച്ച് അനേ്വഷിച്ച് ജില്ലാഭരണവും ജില്ലാ പോലീസും നിയമാനുസൃതം നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍. ചെങ്ങറയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട എസ്പി ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ചെങ്ങറ സമരഭൂമിയിലുള്ളതെന്ന് കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ട പരാതികളിലും തഹസില്‍ദാര്‍ നല്‍കിയ വിശദീകരണത്തിലും നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ചെങ്ങറ സമരഭൂമിയില്‍ താമസിച്ചുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി കെ. ശശികല സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ഏഴുവര്‍ഷമായി താന്‍ താമസിച്ചു വന്നിരുന്ന സമരഭൂമിയിലെ വീട്ടില്‍ നിന്നും സമരനേതാവ് ബലം പ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി.പരാതിക്കാരിയെയും ഭര്‍ത്താവിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് സമരനേതാവ് ളാഹ ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പത്തനംതിട്ട കോടതിയില്‍ ചാര്‍ജ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് സൂപണ്ട് കമ്മീഷനെ അറിയിച്ചു.

സമരനേതാക്കള്‍ ക്കെതിരെ 17 ഓളം കേസുകള്‍ നിലവിലുണ്ട്.  പരാതിക്കാരിക്ക് ഇടുക്കിയില്‍ ഭൂമി അനുവദിച്ചെങ്കിലും വാസയോഗ്യമല്ലാത്തതിനാല്‍ കൊല്ലം ജില്ലയില്‍ പകരം ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം. പുനലൂര്‍ തിങ്കള്‍കരിക്കകം വില്ലേജില്‍ രണ്ടേക്കര്‍ ഭൂമി പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നീക്കി വച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിര്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. നിര്‍ബന്ധിത പണപിരിവ്, കുടിയിറക്കല്‍, കഠിനമര്‍ദ്ദനം എന്നിവയ്ക്ക് സമരഭൂമിയിലെ കുടുംബങ്ങള്‍ ഇരയാകുന്നുണ്ടെന്ന് പരാതിക്കാരി പറയുന്നു.  ജില്ലയില്‍ പകരം ഭൂമി വേണമെന്ന പരാതിക്കാരിയുടെ  ആവശ്യത്തില്‍ 60 ദിവസത്തിനുള്ളില്‍ പരാതിക്കാരിയെ കൂടി കേട്ട് ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related posts