വൈപ്പിന്‍: എടവനക്കാട്ടു നിന്നും ജൈവ പച്ചക്കറി കൃഷിയില്‍ വിജയഗാഥ കുറിക്കുകയാണ് വീട്ടമ്മയായ സുള്‍ഫത്ത് മൊയ്തീന്‍. എടവനക്കാട് അണിയല്‍ സ്റ്റോപ്പിനു കിഴക്കുള്ള ഇവരുടെ വീട്ടുവളപ്പില്‍ ഒരേക്കറില്‍ താഴെയായി നട്ടുപിടിപ്പിച്ച ജൈവ പച്ചക്കറി കൃഷിത്തോട്ടം നേരില്‍ കാണുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. 60 സെന്റ് പാട്ടത്തിനെടുത്ത സ്ഥലത്തും വീട്ടുവളപ്പിലെ 25 ഓളം സെന്റിലുമായിട്ടാണ് കൃഷികള്‍.
വേറൊരാളുടെ സഹായമില്ലാതെ തന്നെ കുഴിയെടുത്തും കണ്ണികൂട്ടിയും, ഗ്രോബാഗ് നിറച്ചും കപ്പ, വാഴ, ചേന, ചേമ്പ് എന്നിവയും വിവിധ പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്ന മൂന്നു മക്കളുടെ മാതാവായ ഈ വീട്ടമ്മക്ക് ജൈവകൃഷിയെക്കുറിച്ച് രണ്ടു പതിറ്റാണ്ടിലധികം വരുന്ന ചരിത്രമാണ് പറയാനുള്ളത്. പുലര്‍ച്ചെ അഞ്ചിനു എഴുന്നേറ്റാല്‍ രാത്രിയാകുന്നതുവരെ സുല്‍ഫത്ത് കൃഷിത്തോട്ടത്തിലുണ്ടാകും.
ഇതിനിടയില്‍ ഭക്ഷണം പാകം ചെയ്യാനും അല്ലറ ചില്ലറ വീട്ടുപണികള്‍ക്കുമായി കുറച്ച് നേരം മാറ്റിവെക്കും. മരക്കച്ചവടക്കാരനായ ഭര്‍ത്താവ് മൊയ്തീന്‍ വല്ലാത്ത തിരക്കിനിടയിലും വല്ലപ്പോഴുമൊക്കെ സഹായിക്കുന്ന തൊഴിച്ചാല്‍ പിന്നെയെല്ലാം ഈ വീട്ടമ്മയുടെ കായികാധ്വാനമാണ്.
വൈപ്പിന്‍ പോലുള്ള ഓരുവെള്ള പ്രദേശത്ത് ഇങ്ങിനെ കായ്ഫലം ലഭിക്കുമോയെന്ന സംശയമായിരിക്കും പലര്‍ക്കും. അതും രണ്ടര മീറ്റര്‍ നീളം വരെയുള്ള നീളന്‍ പടവലം കണ്ടാല്‍ അതിശയം വര്‍ധിക്കും. അതുപോലെ ക്യാബേജ്, കോളിഫ്‌ളവര്‍, തക്കാളി, വഴുതന, വിവിധയിനം പച്ചമുളക്, ചീര, വെണ്ട, ബജിമുളക്, കുറ്റിക്കുരുമുളക്, പീച്ചില്‍, പൊതീന, കുക്കുമ്പര്‍ എന്നിവ എല്ലാം തന്നെ ജൈവ തോട്ടത്തില്‍ സുല്‍ഫത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പലതും കായ്ച്ചു നില്‍ക്കുകയാണ്.
ഇതു കൂടാതെ വീടിന്റെ ടെറസിലും കൃഷിയുണ്ട്. കഴിഞ്ഞ വര്‍ഷം ടെറസ് കൃഷിയില്‍ നിന്നുമാത്രം 40 കിലോ വെണ്ടക്ക പുറത്ത് വിറ്റു. മാത്രമല്ല 7,000 രൂപയുടെ പൊട്ടുവെള്ളരിയും 500 കിലോ കപ്പയും, ചീര, പയര്‍, തക്കാളി തുടങ്ങിയവയും വിറ്റു. എടവനക്കാട് ബാങ്കിന്റെ പച്ചക്കറി സ്റ്റാളിലാണ് ഇവയെല്ലാം വില്‍ക്കുന്നത്. കൂടാതെ നാട്ടുകാര്‍ നേരിട്ട് വീട്ടില്‍ വന്നും ജൈവ പച്ചക്കറികള്‍ വാങ്ങാറുണ്ട്. ജൈവകൃഷി മാത്രമല്ല കൃഷിക്കു വേണ്ട വളത്തിനായി ഗ്രാമപ്രിയ ഇനത്തില്‍പെട്ട കോഴികളേയും മലബാറി ആടുകളേയും സുല്‍ഫത്ത് വളര്‍ത്തുന്നുണ്ട്.
കീടങ്ങളെ നശിപ്പിക്കാന്‍ ജൈവ കുമിള്‍ നാശിനി മാത്രമേ ഉപയോഗിക്കു. ജൈവകൃഷി വിപ്ലവം വന്നതോടെയാണ് സുല്‍ഫത്തിന്റെ കൃഷിയെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതോടെ നിരവധി അവാര്‍ഡുകളും സുല്‍ഫത്തിനെ തേടിയെത്തി. കഴിഞ്ഞവര്‍ഷം മാത്രം ഏഴ് അവാര്‍ഡുകളാണ് സുല്‍ഫത്തിനു ലഭിച്ചത്. അടുക്കളതോട്ടം അവാര്‍ഡ്, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സോഷ്യല്‍ സര്‍വ്വീസ് ഫോറം, എടവനക്കാട് ബാങ്ക്, പ്രയാഗ, റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ അവാര്‍ഡുകളും സുല്‍ഫത്തിനെ തേടിയെത്തി. ഇതിലുപരി കൃഷി വിജ്ഞാനകേന്ദ്രം ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച ആട് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനവും സുല്‍ഫത്തിനു സ്വന്തമാണ്.