മാസച്യുസെറ്റ്‌സ്: ബ്രസീലിന്റെ പതനം തുടരുന്നു. ആദ്യം ലോകകപ്പ്, പിന്നെ കോപ്പ, ഇപ്പോള്‍ വീണ്ടും കോപ്പ. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ തനതു ശൈലി -ജോഗോ ബൊനീട്ടോ (ബ്യൂട്ടിഫുള്‍ ഗെയിം) മരിച്ചു.കോപ്പ അമേരിക്ക സെന്റിനാരിയോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മത്സരത്തില്‍ പെറുവിനോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റ് എട്ടു തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരും അഞ്ച് തവണ ലോക ചാമ്പ്യന്മാരുമായ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പെറു നേടിയ ഗോളിനു വിവാദമുണ്ടായിരുന്നെങ്കിലും ഈ വിവാദത്തെയെല്ലാം മറികടക്കാന്‍ തക്ക ഗോളവസരങ്ങള്‍ ബ്രസീല്‍ കളഞ്ഞുകുളിച്ചു. പെറുവിനുവേണ്ടി വല കുലുക്കിയ റൗള്‍ റിഡ്വസിന്റെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയെന്ന് ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ പെറു ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ കൊളംബിയയാണ് പെറുവിന്റെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക സെമി ഫൈനലില്‍ പ്രവേശിച്ച ടീമാണ് പെറു.
ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാമത്തെ പ്രധാന ടൂര്‍ണമെന്റിലും നാണകെട്ടു പുറത്തായി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോടും അതിനുശേഷം കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലും ഇപ്പോള്‍ ക്വാര്‍ട്ടര്‍ പോലും കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ നാണക്കേട് ഏറ്റുവാങ്ങി പുറത്തായി. പെറു ഗോള്‍കീപ്പര്‍ പെഡ്രോ ഗെല്ലീസിന്റെ മിന്നും പ്രകടനമാണ് പെറുവിനു തുണയായത്. ഗോളെന്നുറച്ച് പല സന്ദര്‍ഭങ്ങളും ഗെല്ലീസ് തട്ടിത്തെറിപ്പിച്ചു.1975ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലാണ് പെറു അവസാനമായി ബ്രസീലിനെ തോല്‍പ്പിക്കുന്നത്. 1987നുശേഷം ആദ്യമായാണ് ബ്രസീല്‍ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നതും.
75-ാം മിനിറ്റിലാണ് വിവാദ ഗോള്‍ വന്നത്. ആന്‍ഡി പോളോയുടെ ക്രോസ് കൈയില്‍ തട്ടി റിഡ്വസ് ബ്രസീലിന്റെ വല കുലുങ്ങി. വലകുലുക്കിയതോടെ പെറു താരങ്ങളും ആരാധകരും ആഹ്ലാദത്തിലായി ആ സമയം ബ്രസീല്‍ കളിക്കാര്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തി. ഇതേത്തുടര്‍ന്ന് റഫറി ലൈന്‍ റഫറിമാരുമായി ചര്‍ച്ച നടത്തി ഗോളെന്നു തന്നെ വിധിക്കുകയായിരുന്നു. പ്രതിഷേധം, ചര്‍ച്ച എന്നിങ്ങനെയായി അഞ്ചു മിനിറ്റോളമാണ് കളി തടസപ്പെട്ടത്. ക്വാര്‍ട്ടറിലെത്താന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പാലിക്കുക എന്നതായിരുന്ന മുന്‍ ചാമ്പ്യന്മാര്‍ക്കു മുന്നിലുള്ള ഏക പോംവഴി. സമനിലയ്ക്കായി പൊരുതി ബ്രസീല്‍ അതിനടുത്തെത്തിയതാണ്. പെറു പ്രതിരോധക്കാരുടെ മാര്‍ക്കിംഗ് ഒന്നും ഇല്ലാതെ നിന്ന ദുഗംയുടെ അരുമ ശിഷ്യന്‍ എലിയാസിന്റെ ദുര്‍ബല ഷോട്ടിന് മൂന്നാം നിര ക്ലബ് നിലവാരം പോലുമില്ലായിരുന്നു.
ഗബ്രിയേല്‍, ലുകാസ് ലിമ എന്നിവരെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണ് ബ്രസീല്‍ ഇറങ്ങിയത്. ഫിലിപ്പി കുട്ടിഞ്ഞോയും വില്യനും ചേര്‍ന്ന് മനോഹരമായി കളിച്ചപ്പോള്‍ സുന്ദരമായ പല മുഹൂര്‍ത്തങ്ങളും മത്സരത്തിലുണ്ടായി. ഇരുവരും പെറുവിന്റെ പ്രതിരോധം കടന്ന് പന്തുമായി മുന്നോട്ടെത്തിയെങ്കിലും ഗോളാക്കാനായില്ല. ഫിലിപ്പി ലൂയിസിന്റെ ഷോട്ട് രക്ഷപ്പെടുത്തിക്കൊണ്ടാണ് പെറു ഗോള്‍കീപ്പര്‍ ഗെല്ലീസ് തുടങ്ങിയത്. ഇതിനുശേഷം ഗബ്രിയേലിന്റെ ഇടംകാലന്‍ അടിയും ഗോള്‍കീപ്പര്‍ പുറത്തേക്കു തട്ടിത്തെറിപ്പിച്ചു.
ഇതിനിടെ ബ്രസീല്‍ പെനാല്‍റ്റിക്കായി ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി സ്‌പോട് കിക്ക് വിധിച്ചില്ല. 24ാം മിനിറ്റില്‍ ലുമയെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനുള്ള ശിക്ഷയില്‍നിന്നു ക്രിസ്റ്റ്യന്‍ റാമോസും സ്‌പോട് കിക്കില്‍നിന്നു പെറുവും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. തൊട്ടപ്പുറത്ത് പെറു താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അവിടെയും റഫറിയുടെ തീരുമാനം പെറുവിന് എതിരായിരുന്നു. എഡിസണ്‍ ഫ്‌ളോറെസിനെ റെനറ്റോ അഗസ്‌റ്റോ വീഴ്ത്തിയതായിരുന്നു പെറുവിന്റെ കളിക്കാര്‍ അപ്പീല്‍ ചെയതത്.
രണ്ടാം പകുതിയില്‍ പെറുവിന്റെ ക്രിസ്റ്റ്യന്‍ കുവേയുടെ ഫ്രീകിക്ക് ആലിസണ്‍ രക്ഷപ്പെടുത്തി. കുട്ടീഞ്ഞോ പെറു ഗോള്‍മുഖത്ത് ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍, ഗെല്ലീസിന്റെ മുന്നില്‍ എല്ലാം നിഷ്പ്രഭമാകുകയായിരുന്നു. 75ാം മിനിറ്റില്‍ അതുവരെയുള്ള കളിയുടെ ഒഴുക്കിനു വിപരീതമായ ഫലം വന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ 4-0ന് ഹെയ്തിയെ തോല്‍പ്പിച്ചതുകൊണ്ട് ബ്രസീലിനു ക്വാര്‍ട്ടറിലെത്താന്‍ സമനില മതിയായിരുന്നു. ഫിനിഷിംഗിലെ പോരായ്മ ബ്രസീലിനു ക്വാര്‍ട്ടറിലേക്കുള്ള വഴി അടച്ചു.
വിവാദ ഗോള്‍
ബ്രസീലിനെ പുറത്താക്കിയ വിവാദഗോള്‍ കളിയുടെ 75ാം മിനിറ്റിലാണ് വന്നത്. വലതു പാര്‍ശ്വത്തില്‍നിന്നും ആന്‍ഡി പോളോ മുറിച്ചുനല്‍കിയ പന്ത് ഓടിയെത്തിയ റൗള്‍ റിഡ്വസിന്റെ കൈയില്‍ തട്ടി വലയില്‍ വീണു. 64ാം മിനിറ്റില്‍ എഡിസണ്‍ ഫ്‌ളോറെസിനു പകരമായാണ് റിഡ്വസ് കളത്തിലെത്തിയത്.ലീഡ് നേടിയതോടെ പെറു താരങ്ങളും ആരാധകരും ആഹ്ലാദത്തിലായി ആ സമയം ബ്രസീല്‍ കളിക്കാര്‍ ഒന്നടങ്കം റഫറിക്കു മുന്നില്‍ പ്രതിഷേധവുമായെത്തി. ഇതേത്തുടര്‍ന്ന് റഫറി ആന്ദ്രെസ് ചുന്‍ഹ ലൈന്‍ റഫറിമാരുമായി ചര്‍ച്ച നടത്തി ഗോളെന്നു തന്നെ വിധിക്കുകയായിരുന്നു.
പ്രതിഷേധം അഞ്ചു മിനിറ്റോളം നീണ്ടു.
ദുംഗയ്ക്ക് ഇതൊക്കെ എന്ത് !
മാസച്യുസെറ്റ്‌സ്: കോപ്പ അമേരിക്കയില്‍ പെറുവിനോടു തോറ്റ് പുറത്തായതൊന്നും പരിശീലകന്‍ കാര്‍ലോസ് ദുംഗയെ അലോസരപ്പെടുത്തുന്നില്ല. തന്നെപ്പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരോട് വളരെ വൈകാരികമായി പ്രതികരിച്ച ദുംഗ, ഞാന്‍ മരണത്തെ മാത്രമാണ് ഭയപ്പെടുന്നതെന്നു പറഞ്ഞു. ജോലി നഷ്ടമാകുന്നതിനെ പേടിക്കുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് അസോസിയേഷനും പ്രസിഡന്റിനും അറിയാവുന്നതാണ്. എങ്ങനെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതും ടീമിന് മുകളിലുള്ള സമ്മര്‍ദത്തേയും പറ്റി ഞങ്ങള്‍ ബോധവാന്മാരാണ് -ദുംഗ പറഞ്ഞു.
കോപ്പയില്‍ ദയനീയ പ്രകടനമാണ് ബ്രസീല്‍ കാഴ്ചവച്ചത്. ദുര്‍ബലരായ ഹെയ്തിയുടെ വലയില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടിയെങ്കിലും പെറുവിനോട് തോല്‍ക്കുകയും ഇക്വഡോറിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.എന്നാല്‍, പരാജയത്തില്‍ തന്റെ പിഴവുകളെ അംഗീകരിക്കാന്‍ ദുംഗ തയാറായില്ലെന്നു മാത്രമല്ല അതിനെ ന്യായീകരിക്കാനും ദുംഗ സമയം കണെ്ടത്തി. മികച്ച താരങ്ങളാരും ഇല്ലാതെയായിരുന്നു ബ്രസീല്‍ അമേരിക്കയിലെത്തിയത്. അതുപോലെ തന്ത്രങ്ങളുടെ പാളിച്ചകളും ഫിനിഷിംഗിലെ പിഴവുകളും ബ്രസീലിന്റെ വിധിയെഴുതി.