ഞെട്ടല്‍ മാറാതെ അമേരിക്ക ! യുഎസിലെ നിശാ ക്ലബ്ബിലെ വെടിവയ്പിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; ആക്രമണം നടത്തിയത് ഒമര്‍ മാതീന്‍ എന്നയാള്‍

ISഒര്‍ലാന്‍ഡോ(ഫ്‌ളോറിഡ): യുഎസിലെ ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബില്‍ 50 പേരുടെ മരണത്തിനിടയായ വെടിവയ്പിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഭീകരാക്രമണമാണോ നടന്നതെന്നുള്ള കാര്യം അമേരിക്കന്‍ ഫെഡറല്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ വെടിവയ്പുണ്ടായത്. ഒമര്‍ മാതീന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അക്രമിയുടെ വെടിയേറ്റ് 50 പേര്‍ മരിച്ചു. 53 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഭീതിയില്‍ നിന്ന് അമേരിക്ക ഇപ്പോഴും മുക്തമായിട്ടില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്ക നേരിട്ട ഏറ്റവും വലിയ സംഭവമാണ് നിശാ ക്ലബിലെ വെടിവയ്പ്പ്.

തീവ്രവാദി സംഘങ്ങളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉടന്‍ ഏറ്റെടുത്തിരുന്നില്ല. എങ്കിലും ആക്രമണത്തിന്റെ ശൈലി തീവ്രവാദികളുടേതുപോലെയായിരുന്നുവെന്ന് ഒര്‍ലാന്‍ഡോ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.2013ലും 2014ലും ഒമര്‍ മാതീനെ എഫ്ബിഐ തീവ്രവാദി ബന്ധമുണ്ടെന്ന സംശയത്തില്‍  ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു. നിശാ ക്ലബില്‍ ആക്രമണം നടത്തുന്നതിന് രണ്ടാഴ്ചമുമ്പ് ഇയാള്‍ രണ്ട് തോക്കുകള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ തോക്കുകള്‍ ഉപയോഗിച്ചാണോ  ഒമര്‍ മാതീന്‍ ആക്രമണം നടത്തയതതെന്ന് വ്യക്തമല്ല. ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബിലുണ്ടായ ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ അപലപിച്ചു.

Related posts