കോല്‍ക്കത്ത: ട്വന്റി-20 ലോകകപ്പില്‍ ഇന്ന് രണ്ടു പോരാട്ടങ്ങള്‍. കോല്‍ക്കത്തയില്‍ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികള്‍ ബംഗ്ലാദേശാണ്. സെമി ഫൈനലിന് യോഗ്യത നേടിയ ന്യൂസിലന്‍ഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് അവസാന മത്സരത്തില്‍ കളിക്കുക. എന്നാല്‍ കളിച്ച മത്സരങ്ങളെല്ലാം തോറ്റു സെമി പ്രതീക്ഷ അവസാനിച്ച ബംഗ്ലാദേശ് ഒരു ജയമെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
ഡല്‍ഹിയില്‍ രാത്രി 7.30ന് നടക്കുന്ന ഗ്രൂപ്പ് ഒന്നിലെ പോരാട്ടം ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ്. മൂന്നു കളിയില്‍ രണ്ടു ജയം നേടിയ ഇംഗ്ലണ്ടിനും രണ്ടു കളിയില്‍ രണ്ടുപോയിന്റ് മാത്രമുള്ള ശ്രീലങ്കയ്ക്കും ഇന്ന് അതിനിര്‍ണായകമാണ്. മികച്ച റണ്‍റേറ്റില്‍ മത്സരം ജയിച്ചെങ്കില്‍ മാത്രമേ സെമി സാധ്യത നിലനില്‍ക്കൂ എന്നതിനാല്‍ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്. വിന്‍ഡീസാണ് ഗ്രൂപ്പില്‍ ഒന്നാമത്.