ഡിവൈഎഫ്‌ഐ നേതൃനിര അഴിച്ചുപണിയുന്നു ; എ.എന്‍. ഷംസീറും പി.ബിജുവും തലപ്പത്തെത്തും

knr-dyfiകോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ 13-ാം സംസ്ഥാന സമ്മേളനത്തിനു നാളെ മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമാകും. സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ സമ്മേളനത്തോടെ വരുമെന്നാണ് വിവരം. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് സ്ഥാനമൊഴിയും. പകരം എസ്എഫ്‌ഐ മുന്‍ പ്രസിഡന്റ് എ.എന്‍. ഷംസീര്‍ പ്രസിഡന്റാകും. സെക്രട്ടറി സ്ഥാനത്തേക്കു പി. ബിജുവിന്റെ പേരാണ് പരിഗണനയിലുള്ളത്.

നിലവിലെ സെക്രട്ടറി എം. സ്വരാജിനു ഒരു അവസരം കൂടി നല്കണമെന്ന അഭിപ്രായം സംഘടനയ്ക്കുള്ളിലുണ്ട്. ഇതു നടപ്പാകുകയാണെങ്കില്‍ പി. ബിജുവിനു ട്രഷറര്‍ പദവി നല്കിയേക്കും. അതേസമയം ജില്ലാസമ്മേളനങ്ങളില്‍ മിക്കതിലും എതിരഭിപ്രായമുണ്ടായ സാഹചര്യത്തില്‍ സ്വരാജിനെ മാറ്റണമെന്നുള്ള സമ്മര്‍ദവും ശക്തമാണ്. നിലവിലെ ട്രഷറര്‍ സുനില്‍കുമാറിനു പകരം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ.സാജു തെരഞ്ഞെടുക്കപ്പടാനും സാധ്യതയുണ്ട്.

സിപിഎം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യൂ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. സുമേഷ്, ജോയിന്റ് സെക്രട്ടറിമാരിലൊരാളായ ജി. മുരളീധരന്‍ എന്നിവര്‍ നേതൃതനിരയില്‍ നിന്നൊഴിവാകും. മറ്റൊരു ജോയിന്റ് സെക്രട്ടറിയായ അഡ്വ. പി.എ. മുഹമ്മദ് റിയാസ് കേന്ദ്രനേതൃത്വത്തിലേക്ക് പോകും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയോടെ ഷംസീര്‍ പ്രസിഡന്റു പദവിയിലെത്തുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അഡ്വ. മുഹമ്മദ് റിയാസിന്റെ പേര് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലേക്കു പരിഗണിച്ചിരുന്നു. കേന്ദ്രസെന്ററിലേക്കു പോകുന്ന സാഹചര്യത്തില്‍ ഇനി ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ഇല്ലാതായി.

Related posts