പാലക്കാട്: അടിക്കടിയുള്ള ഡീസല്‍ വില വര്‍ധനവിന്റെ സാഹചര്യത്തില്‍ സ്വകാര്യ ബസ് യാത്രാനിരക്കു വര്‍ധിപ്പിക്കണമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷംമുമ്പു യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില 55 രൂപയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധനവിനോടൊപ്പം സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി വിദ്യാര്‍ഥികളുടെ യാത്രാ നിരക്കു വര്‍ധിപ്പിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. യാത്രക്കാരുടെ കുറവ് സ്വകാര്യ ബസുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു.
ഡീസല്‍ വിലയ്ക്കു പുറമെ ഇന്‍ഷ്വറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്, പുതിയ വാഹനങ്ങളുടെ വില, തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ സ്വകാര്യബസ് നടത്തിപ്പിന് ആവശ്യമായ എല്ലാ മേഖലകളിലും ഭീമമായ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധനവും ഉടന്‍ നടപ്പാക്കണമെന്നും ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓ ര്‍ഗനൈസേഷന്‍ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ റോഡ് സുരക്ഷാ ബില്‍ സ്വകാര്യബസ് വ്യവസായം തകര്‍ക്കുമെന്നും യോഗം വിലയിരുത്തി. ഗതാഗത വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം നടപടി ഉണ്ടാവാത്ത പക്ഷം സമരപരിപാടിയുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് എന്‍. വിദ്യാധരന്‍, ട്രഷറര്‍ വി.എസ്. പ്രദീപ്, സംസ്ഥാന സെക്രട്ടറിമാരായ ജോസ് ചെട്ടിശേരി, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.