തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാന്‍ അഞ്ചു സ്ക്വാഡുകള്‍

KKD-ELECTIONകണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച്തരം സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഫ്‌ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം അക്കൗണ്ടിംഗ് ടീം എന്നീ സ്ക്വാഡുകളും എംസിഎംസിയുമാണ് നിരീക്ഷണം നടത്തുക. ഇവയുടെ പ്രവര്‍ത്തനരീതി വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസ് കളക്ടറേറ്റില്‍ നടന്നു. അനധികൃതമായി കൊണ്ടുനടക്കുന്ന പണം, മദ്യം, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടുകെട്ടി ട്രഷറിയില്‍ ഏല്‍പ്പിക്കുകയാണ് ഫ്‌ളൈയിംഗ് സ്ക്വാഡിന്റെ ജോലി. ഇതിനായി അവധി ദിവങ്ങളിലുള്‍പ്പെടെ 24 മണിക്കൂറും ട്രഷറി പ്രവര്‍ത്തനമുണ്ടാകും. രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുളള തുകയാണ് കണ്ടുകെട്ടുക.

അപ്പീല്‍ സമിതിക്ക് മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ പണം പിന്നീട് തിരിച്ചു നല്‍കും. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥിരമായിനിന്ന് വാഹന പരിശോധനയും മറ്റും നടത്തുകയാണ് സ്റ്റാറ്റിക്കല്‍ സര്‍വയലന്‍സ് ടീമിന്റെ ചുമതല. രണ്ട് സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വീഡിയോഗ്രാഫ് ചെയ്യും. ഫോണ്‍ മുഖാന്തരമോ അല്ലാതെയോ ലഭ്യമാകുന്ന വിവരം അനുസരിച്ച് അരമണിക്കൂറിനകം ഫ്‌ളൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തണം. അവര്‍ക്ക് നിശ്ചിത സമയത്തിനകം എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലമാണെങ്കില്‍ സ്റ്റാറ്റിക്‌സ് സര്‍വയലന്‍സ് ടീമിനെയോ ലോക്കല്‍ പോലീസിനെയോ ആശ്രയിക്കാം.

പൊതുയോഗം നടക്കുന്നത് പകര്‍ത്താന്‍ വീഡിയോ സര്‍വയലന്‍സ് ടീമുണ്ടാകും. അവിടെയുള്ള കസേര, മറ്റ് ഉപകരണങ്ങള്‍, വരുന്ന വാഹനങ്ങള്‍, ആളുകള്‍ ഒക്കെ വീഡിയോയില്‍ പകര്‍ത്തി വോയ്‌സ് റിപ്പോര്‍ട്ട് കുടി ഉള്‍പ്പെടുത്തുകയാണിവരുടെ ജോലി. ഇത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വീഡിയോ വ്യൂവിംഗ് ടിമും ഉണ്ടാകും. ഓരോ ഇനത്തിനും ചെലവ് കണക്കാക്കുന്ന റേറ്റ് ചാര്‍ട്ടുണ്ട്. അതനുസരിച്ച് അക്കൗണ്ടിംഗ് ടീം നിരക്ക് നിശ്ചയിക്കും.

മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ പെയ്ഡ് ന്യൂസുകള്‍ എന്നിവ നിരീക്ഷിക്കാന്‍ എംസിഎംസി എന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം നോഡല്‍ ഓഫീസര്‍ പി.എം. മാണി, കോര്‍മാസ്റ്റര്‍ ട്രെയിനര്‍ ഇ. സൂര്യകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി. സജീവ് പ്രസംഗിച്ചു.

Related posts