തൃശൂര്‍: തേക്കിന്‍കാട് മോടിയാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയില്‍ മൂന്നു കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ചുള്ള കേസിന്റെ ഫയല്‍ കാണാനില്ലെന്നു വിജിലന്‍സ് പോലീസ് കോടതിയില്‍. തിരിമറി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതി 2009 ല്‍ ഉത്തരവിട്ടിരുന്നതാണ്. ആറു വര്‍ഷമായിട്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയോ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യാതിരുന്ന പോലീസിനോട് മാര്‍ച്ച് എട്ടിനു ഫയല്‍ ഹാജരാക്കണമെന്ന് ഇന്നലെ ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടു.
അന്വേഷിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2010 ല്‍ വിജിലന്‍സ് ഡിവൈഎസ്പി ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണവും തെളിവെടുപ്പും നടന്നു. എന്നാല്‍ ഇതുവരേയും റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടില്ല. പത്തുദിവസം മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് പോലീസിനോടു റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ കേസെടുത്തപ്പോഴാണ് ഫയല്‍തന്നെ കാണുന്നില്ലെന്ന വിശദീകരണം കോടതിയില്‍ നല്‍കിയത്.
തേക്കിന്‍കാട് മൈതാനം മോടിയാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അഞ്ചു കോടി രൂപയാണ് അനുവദിച്ചിരുന്നത്. തുറന്ന സ്റ്റേജ്, പുല്‍ത്തകിടി, നടപ്പാത, തോട്ടം, വൈദ്യുതി ദീപാലങ്കാരങ്ങള്‍, ശുചിമുറികള്‍ എന്നിവ നിര്‍മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും അനുസരിച്ചാണു പണി നടന്നതെങ്കിലും ഒന്നും പ്രാബല്യത്തിലായില്ല. നടപ്പാത അടക്കമുള്ള പണികള്‍ നടത്തിയെങ്കിലും ഉചിതമായ സ്ഥലങ്ങളിലല്ലാത്തതുമൂലം വിവാദമായതോടെ പൊളിച്ചുനീക്കേണ്ടിവന്നു.
അന്നത്തെ ജില്ലാ കളക്ടര്‍ വി.കെ. ബേബി, സംസ്ഥാന ടൂറിസം ഡയറക്ടര്‍, പണി നടത്തിപ്പുകാരായിരുന്ന കിഡ്‌കോ മാനേജിംഗ് ഡയറക്ടര്‍, കരാറുകാരായ ആര്‍. രാജു, എ.എസ്. അരവിന്ദാക്ഷന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഗ്രാമസഭകള്‍ തുടങ്ങി വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഗ്രാമസഭകള്‍ക്കു തുടക്കമായി. 8-ാം വാര്‍ഡ് വീരോലിപ്പാടത്ത് നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജിജി തോമസ് അധ്യക്ഷത വഹിച്ചു.