ദത്തെടുപ്പിനും അനുമതിയായി… നിങ്ങളെ വിറപ്പിക്കാന്‍ അനക്കോണ്ടയും, കാട്ടുപോത്തും, ഒട്ടകപക്ഷിയും തൃശൂര്‍ മൃഗശാലയില്‍

snakeസ്വന്തം ലേഖകന്‍

തൃശൂര്‍: ഈ മധ്യവേനലവധിക്കു തൃശൂര്‍ മൃഗശാലയിലേക്കു വന്നോളൂ… നിങ്ങളെ വിറപ്പിക്കാന്‍ അനകോണ്ട അടുത്തമാസം തൃശൂര്‍ മൃഗശാലയിലെത്തും. തിരുവനന്തപുരം മൃഗശാലയിലെ ഏഴ് അനകോണ്ട പാമ്പുകളില്‍ രണ്ടെണ്ണമാണ് തൃശൂര്‍ മൃഗശാലയിലെത്തുന്നത്.

അനകോണ്ടയ്ക്കുള്ള കൂടുകള്‍ പണിയുന്ന പണി ഈ മാസം ആരംഭിക്കും. പിഡബ്ല്യുഡിയാണ് കൂടുകള്‍ നിര്‍മിക്കുന്നത്. കട്ടിയുള്ള ഗ്ലാസ് കൊണ്ടാണ് എട്ടുലക്ഷം രൂപ ചെലവില്‍ വലിയ കൂടുകള്‍ നിര്‍മിക്കുന്നത്. കാട്ടുപോത്ത്, ഒട്ടകപക്ഷി, പറക്കാന്‍ കഴിയാത്ത റിയ എന്നിവയും പുതിയ അന്തേവാസികളായി തൃശൂര്‍ മൃഗശാലയില്‍ അടുത്തമാസം എത്തും. കുട്ടികളടക്കമുള്ളവരെ കൂടുതലായി മൃഗശാലയിലേക്ക് ആകര്‍ഷിക്കാനായി പുതിയ പക്ഷിമൃഗാദികളെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ചൂടുകാലമായതിനാല്‍ വൈകുന്നേരമോ രാത്രിയോ പുലര്‍ച്ചെയോ മാത്രമേ അനകോണ്ടയെ തിരുവനന്തപുരത്തുനിന്നും കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. കാട്ടുപോത്തിനെയും മറ്റും കൊണ്ടുവരാനുള്ള കൂടുകളുടെ പണി തിരുവനനന്തപുരത്തു തുടങ്ങാനിരിക്കുകയാണ്. മൃഗങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും സുരക്ഷാനടപടികളും പാലിച്ചാണ് തിരുവനന്തപുരത്തുനിന്നും അനകോണ്ടയേയും കാട്ടുപോത്തിനേയും ഒട്ടപക്ഷിയേയും റിയയേും തൃശൂരിലേക്കു കൊണ്ടുവരുന്നതെന്നു തൃശൂര്‍ മൃഗശാല അധികൃതര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാവുന്ന ദത്തെടുപ്പ് പദ്ധതിയും അടുത്ത മാസത്തോടെ ആരംഭിക്കും. തിരുവനന്തപുരം മൃഗശാലയിലുള്ള ഈ പദ്ധതിയുടെ മാതൃകയില്‍ തൃശൂര്‍ മൃഗശാല സമര്‍പ്പിച്ച പ്രോജക്ടിന് മ്യൂസിയം ആന്‍ഡ് മൃഗശാല ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി.

തൃശൂര്‍ മൃഗശാല നടപ്പാക്കുന്ന ദത്തെടുപ്പ് അഥവാ സ്‌പോണ്‍സര്‍ പരിപാടിക്കു തയാറായി ചിലര്‍ എത്തിയിട്ടുണ്ട്. തൃശൂര്‍ മൃഗശാലയിലെ കിംഗ് കോബ്രയെ സ്‌പോണ്‍സര്‍ ചെയ്യാനായി ഒരു ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് അനുമതിക്കായി അയച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തേക്കോ ആറു മാസത്തേക്കോ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുംവിധമാണ് പദ്ധതി. മൃഗശാലയിലെ പക്ഷി-മൃഗാദികള്‍ക്കും പാമ്പുകള്‍ക്കും ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് പദ്ധതി. ഓരോന്നിനും ഓരോ നിരക്കിലാണ് സ്‌പോണ്‍സര്‍തുക.

Related posts