ദിനേശ് ബീഡി തൊഴിലാളികള്‍ക്കായി ഗ്രൂപ്പ് ഗ്രാറ്റുവിറ്റി സ്കീം

KNR-DINESHകണ്ണൂര്‍: കേരള ദിനേശ് ബീഡി വ്യവസായ സഹകരണ സംഘങ്ങളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഗ്രൂപ്പ് ഗ്രാറ്റുവിറ്റി സ്കീം നടപ്പിലാക്കി. ജോലിയില്‍നിന്നും പിരിഞ്ഞുപോകുന്ന ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. പിരിയുന്ന സന്ദര്‍ഭത്തില്‍ത്തന്നെ മുഴുവന്‍ ഗ്രാറ്റുവിറ്റിയും തൊഴിലാളികള്‍ക്കു ലഭിക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ 18 ദിനേശ്ബീഡി സംഘങ്ങളിലെ ആറായിരത്തോളം തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

33 കോടി രൂപയ്ക്കുള്ള ഗ്രാറ്റുവിറ്റി മൂല്യത്തിന്റെ ഒന്നാം ഗഡു പ്രീമിയമായി 5.5 കോടി രൂപ ഈവര്‍ഷം ദിനേശ് ബീഡി സംഘങ്ങള്‍ എല്‍ഐസിക്ക് അടച്ചു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉറപ്പുവരുത്തുന്ന ഈ പദ്ധതി രാജ്യത്ത് ബീഡി തൊഴിലാളികള്‍ക്ക് ആദ്യമായി നടപ്പിലാക്കുന്നത് ദിനേശ് ബീഡിയാണ്. മുഴുവന്‍ ദിനേശ് ബീഡി തൊഴിലാളികളേയും ഗ്രൂപ്പ് ഗ്രാറ്റുവിറ്റി സ്കീമില്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എല്‍ഐസി പെന്‍ഷന്‍ ഗ്രൂപ്പ് സ്കീം കോഴിക്കോട് മാനേജര്‍ പി. രാമകൃഷ്ണന്‍ ദിനേശ്ബീഡി ചെയര്‍മാന്‍ സി. രാജന് സംഘം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കൈമാറി. കേന്ദ്രസംഘം സെക്രട്ടറി കെ. പ്രഭാകരന്‍, മാനേജര്‍ കെ.ടി. ആത്മജ എന്നിവര്‍ പ്രസംഗിച്ചു.

Related posts