ബൈജു മേനാച്ചേരി
മലയാളി നഴ്സ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തത്തിനാല്‍ ഭര്‍ത്താവ് ലിന്സന് ഇപ്പോഴും തടവറയില്‍. കഴിഞ്ഞ ഏപ്രില്‍ 20നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)വിനെ താമസസ്ഥലത്തെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ നിലയിലാണ് ചിക്കുവിനെ കൊലപ്പെടുത്തിയിരുന്നത്. 37ഓളം മുറിവുകള്‍ ചിക്കുവിന്റെ ശരീരത്തിലേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ചിക്കു അതിദാരുണമായി കൊല്ലപ്പെടുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ചിക്കുവും ഭര്‍ത്താവ് ലിന്‍സനും സലാലയിലെ ബദര്‍ അല്‍ സമാഗ്രൂപ്പ് ഓഫ് മെഡിക്കല്‍സിലെ ജീവനക്കാരായിരുന്നു. ചിക്കു നഴ്സും ലിന്സന് ഗ്രൂപ്പിന്റെ പിആര്‍ഒയുമായിരുന്നു.
ജോലി ചെയ്യുന്ന ആശുപത്രിയുടെ എതിര്‍വശത്തുള്ള ഇരുനില ഫ്ലാറ്റിലായിരുന്നു താമസം. കുടുംബത്തിന്റെ സുരക്ഷ കൂട്ടുന്നതിനായി മറ്റൊരിടത്തുനിന്ന് ഇവിടേക്ക് താമസം മാറ്റുകയായിരുന്നു. സാധാരണ ജോലിക്കെത്തുന്ന സമയം കഴിഞ്ഞിട്ടും എത്താഞ്ഞതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ ലിന്സന് ബെഡ് ഷീറ്റില്‍ മൂടിയ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന പ്രിയതമയുടെ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. ആകെ പേടിച്ചരണ്ട ലിന്സന് ആശുപത്രി അധികൃതരെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തിയശേഷം ജോലി ചെയ്യുന്ന ആ ശുപത്രിയിലേക്കും പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുമുള്ള ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചിക്കുവിന്റെ ഇരു ചെവികളിലും അണിഞ്ഞിരുന്ന കമ്മല്‍ ഉള്‍പ്പെടെ 12ഓളം പവന് സ്വര്‍ണാഭരണങ്ങളും അപഹരിക്കപ്പെട്ടിരുന്നു. ഇരുകാതുകളും അറുത്തുമാറ്റിയ നിലയിലുമായിരുന്നു.
ഇരുനിലകളിലുള്ള ഫ്ലാറ്റിലെ ബഡ്റൂമിലാണ് കൊല ചെയ്യപ്പെട്ട ചിക്കുവിനെ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതില്‍ അകത്തുനിന്നു പൂട്ടിയിരിക്കയായിരുന്നു. ബഡ്റൂം തുറന്നു കിടക്കുകയും അക്രമി സ്ലൈഡിംഗ് വിന്‍ഡോയിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനുശേഷം ഫ്ലാറ്റിന്റെ കെയര്‍ടേക്കര്‍ പാക്കിസ്ഥാന് സ്വദേശിയേയും ഭര്‍ത്താവ് ലിന് സനേയും ഒമാന്‍ റോയല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം ആദ്യം കണ്ട സാക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചറിയാനെന്നു പറഞ്ഞാണ് ലിന്‍സനെ കസ്റ്റഡിയിലെടുത്തത്.നാലായിരത്തോളം പേരെ കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല. ലിന്സന് ഒഴികെ ബാക്കിയെല്ലാവരെയും വിട്ടയച്ചു. പോലീസ് കസ്റ്റഡിയില്‍ വച്ചിരുന്ന ലിന്‍സനെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
ഗര്‍ഭിണിയായ മലയാളി നഴ്സിന്റെ കൊലപാതകം വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇടപ്പെട്ടു. ഭര്‍ത്താവ് ലിന്സന് കൊലപാതകവുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞതായും കാര്യങ്ങള്‍ ചോദിച്ചറിയാനായിട്ടാണ് ഒമാന്‍ റോയല്‍ പോലീസ് പിടിച്ചു വച്ചിരിക്കുന്നതുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വന്നു കണ്ട ലിന്‍സന്റെ മാതാപിതാക്കളെ അറിയിച്ചു.
നിരപരാധിത്വം തെളിയുമെന്നും പ്രിയതമയുടെ മൃതദേഹത്തോടൊപ്പം ലിന്സന് നാട്ടിലേക്ക് പോരാ നാകുമെന്ന പ്രതീക്ഷയിലും മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നത് നീട്ടിവച്ചു കൊണ്ടിരുന്നു. ഒടുവില്‍ ലിന്‍സന്റെ മോചനം വൈകുമെന്നറിഞ്ഞ് കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്കു ശേഷം ചിക്കുവിന്റെ മൃതദേഹം കറുകുറ്റിയിലെ സ്വവസതിയിലെത്തിച്ച് കറുകുറ്റി ക്രിസ്തുരാജാ ആശ്രമം പള്ളിയില്‍ സംസ്കരിച്ചു.
കറുകുറ്റിയിലെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി, സ്ഥലം എം പി തുടങ്ങിയവര്‍ ചിക്കുവിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനും നിരപരാധിയായ ഭര്‍ത്താവിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനും സമ്മര്‍ദ്ദം ചെലുത്തുമെന്നു പ്രഖ്യാപനം നടത്തിയെങ്കിലും യാതൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
സാഹചര്യ തെളിവുകള്‍ എതിര്
ലിന്സന് എതിരായത് വിരലടയാളങ്ങള്‍. കൊല്ലപ്പെട്ട ചിക്കുവിന്റെ ശരീരത്തു നിന്നും ലിന്‍സന്റെ വിരലടയാളങ്ങള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. അതിക്രൂരമായി കൊല നടത്തിയവര്‍ യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് കൃത്യം നടത്തിയത്. 37 കുത്തുകള്‍ ശരീരത്തി ല്‍ ഏറ്റിരുന്നു. കൂടാതെ ഇരുകാതുകളും അറുത്തും മാറ്റിയിരുന്നു. ഫ്ലാറ്റിന്റെ ഒരു താക്കോല്‍ കൈവശം സൂക്ഷിച്ചിരുന്ന പാക്കിസ്ഥാന് സ്വദേശിയെ സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. കൊലപാതകം നടത്തിയത് പ്രഫഷണലുകളാണെന്നത് ലിന്‍സനെ പ്രതിക്കൂട്ടിലാക്കുന്നു.
ലിന്സന് മാത്രമാണ് ഒമാന്‍ റോയല്‍ പോലീസിന്റെ പ്രതിഭാഗത്തുള്ളത്. കൊലപാതകം നടന്ന ദിവസത്തെ സി.സി.ടി.വി ശാസ്ത്രീയ തെളിവുകളും എതിരായതിനാലാണ് ലിന്സന് ജയിലില്‍ കഴിയേണ്ടി വരുന്നത്. നിയമസഹായം നല്കാന് ബന്ധുക്കളും സുഹൃത്തുക്കളും വക്കീലിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനങ്ങള്‍ ഇല്ല
ഒമാനിലെ നിയമം അനുസരിച്ച് ഒന്‍പതു മാസക്കാലം വരെ സംശയമുള്ളയാളെ തടവിലാക്കാമത്രെ. അക്കാലയളവിനുള്ളില് കേസ് തെളിയിക്കപ്പെടാതെ വന്നാല്‍ സാഹചര്യ തെളിവുകള്‍ വച്ച് നിഗമനത്തിലെത്താം. ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ പ്രിയതമയേയും അവളുടെ ഉദരത്തിലുണ്ടായിരുന്ന പിഞ്ചോമനയേയും നഷ്ടപ്പെട്ടു. ചെയ്യാത്ത തെറ്റിന് കാരാഗ്രഹത്തില്‍ അടക്കപ്പെട്ടിരിക്കുകയുമാണ്.
തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാനാകാതെയാണ് ലിന്സന് തടവറയിലാക്കപ്പെട്ടിരിക്കുന്നത്. പ്രവാസി സംഘടനകള്‍ ചിക്കുവിന്റെ പിതാവിനെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. യാതൊരു വിധ സംശയങ്ങളും ഇവര്‍ ലിന് സനെതിരെ പറഞ്ഞിട്ടില്ല. ലിന്സന് നിരപരാധിയാണെന്ന് ഇവര്‍ ആണയിട്ടു പറയുന്നു.
കുത്തിവയ്പ് ആവശ്യപ്പെട്ടെത്തിയ ആളെ കൂട്ടുകാര്‍ക്ക് സംശയം
ജോലിക്കിടയില്‍ ചിക്കുവും ഒമാന്‍ സ്വദേശിയുമായ ഒരാളുമായി വഴക്കുണ്ടായിരുന്നതായി ചിക്കുവിന്റെ കൂട്ടുകാര്‍ ഓര്‍ക്കുന്നു. ചിക്കു ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്യവെ ഒരാളെത്തി ഇന്ജക്ഷന് വേണമെന്നാവശ്യപ്പെട്ടു. ഡോക്ടറുടെ സ്ലിപ്പില്ലാതെ ഇന്ജക്ഷന് തരാനാകില്ലെന്നു പറഞ്ഞ ചിക്കുവുമായി വാക്കുതര്‍ക്കവും ഉണ്ടായതായി കൂട്ടുകാര്‍ പറയുന്നു. കനത്ത ശകാരത്തിനൊടുവില്‍ ഞാന്‍ കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണത്രെ അയാള്‍ പോയത്. ഈ സംഭവം ഉണ്ടായി അഞ്ചാമത്തെ ദിവസമാണ് ചിക്കു കൊല്ലപ്പെടുന്നത്. മറ്റൊരാളുമായും ചിക്കുവോ ലിന്‍സനോ വഴക്കിട്ടിട്ടില്ലെന്നും കൂട്ടുകാര്‍ പറയുന്നു.
എതിര്‍ക്കുന്നവരോട് കടുത്ത വൈരാഗ്യം വച്ചു പുലര്‍ത്തുന്നവരാണ് ഒരു വിഭാഗം ഒമാനികള്‍. തങ്ങളെ അനുസരിക്കാത്തവരെ ഏതുവിധേനയും ഇല്ലാതാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നവരാണിവര്‍. അതിക്രൂരവും നിന്ദ്യവുമായ നില യില്‍ കൊല നടത്തിയവര്‍ നിരപരാധിയെ ജയിലിലടക്കുക കൂടി ചെയ്ത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.