തിരുവനന്തപുരം: നഗരത്തിന്റെയും ചൂടും ചൂരും വിട്ടെറിഞ്ഞ് സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കരിങ്കല്‍ കഷണങ്ങളും സിമന്റ് ബ്ലോക്കുകളും മലമുകളിലേക്ക് ആവേശപൂര്‍വം ചുമന്ന് കയറ്റുന്നു. നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ് വെമ്പായം ഗ്രാമപഞ്ചായത്തില്‍ പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ വെട്ടുപാറയിലെ ഒറ്റക്കൊമ്പില്‍ നിരാലംബ കുടുംബത്തിന് വീട് വച്ച് നല്‍കുക എന്ന മഹത്തായ ഉദ്യമത്തില്‍ മനസുറച്ച് നില്ക്കുമ്പോള് വേനല്‍ വെയിലിന്റെ ചൂട് അവരറിയുന്നില്ല. ദാഹജലം, മോര്, നാരങ്ങ തണ്ണിമത്തന് തുടങ്ങിയ നിരവധി ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കായി നാട്ടുകാരും വീട്ടുകാരും ഒരുക്കി നല്കുമ്പോള് ആലസ്യം അവരെ തീണ്ടുന്നില്ല. ഗ്രാമവാസികളും അവരോടൊപ്പം ചേര്‍ന്ന് ജോലി ചെയ്തു.
പതിനൊന്നാം ക്ലാസ് പരീക്ഷ അവസാനിച്ച് അടുത്ത പഠനം തുടങ്ങുന്നതിനു മുന്‍പുള്ള സപ്തദിനങ്ങള്‍ ഉല്ലാസത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും പുതിയ പാഠങ്ങള്‍ അനുഭവത്തിലൂടെ പഠിക്കുന്നു. വിശാലമായ നഗര വീഥികള്‍ കണ്ട് ശീലിച്ചവര്‍ ചെങ്കുത്തായ മലയിലേക്ക് സാധനങ്ങള്‍ ചുമന്ന് കയറ്റുന്നത് കണ്ടപ്പോള്‍ ആദ്യം അമ്പരപ്പ് ഉണ്ടായെങ്കിലും കരിങ്കല്ലുകള്‍ ഉയര്‍ത്തി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറി റോഡില്‍ നിന്ന ഏകദേശം 400 മീറ്റര്‍ അകലെ മലമുകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
വെമ്പായം ഗ്രാപഞ്ചായത്ത് വിദ്യാഭ്യസാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് തേക്കട അനില്‍കുമാര്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍സൂര്‍ റഹ്്മാന്‍, പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്ത് , പ്രിന്‍സിപ്പല്‍ ഡോ.കെ.ടി. ചെറിയാന് പണിക്കര്‍, ബര്‍സാര്‍ ഫാ. കോശി ചിറക്കരേട്ട് ഫാ. ജോമി പനത്തറ തുടങ്ങിയവര്‍ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പിന് നേതൃത്വം നല്കി എന്‍എസഎസ് പ്രോഗ്രാം ഓഫീസര്‍ ഷൈജു ജോസഫ്, അധ്യാപകരായ നിഖില്‍, അനൂപ് തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ആയിരുന്നു. ക്യാമ്പ് ഇന്ന് സമാപിക്കും.