വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം യത്തീംഖാനയ്ക്കു മുന്നില്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍നിന്നും നാലുവരി ദേശീയപാതയിലേക്ക് തിരിഞ്ഞുകയറാന്‍ വാഹനങ്ങള്‍ക്ക് മതിയായ സ്ഥലമില്ലാതെ അപകടങ്ങള്‍ പെരുകുന്നു. വലിയ ലോറികളാണ് തിരിയുന്നതിനിടെ ടാര്റോഡില്നിന്നും ഇറങ്ങി ചെളിനിറഞ്ഞ ഭാഗത്തേക്കു തെന്നിപോകുന്നത്. ഇടതുഭാഗത്തെ കുഴിയില്‍ ചാടികയറിവരുന്ന ലോറികള്‍ ദേശീയപാതയിലേക്ക് കയറാന്‍ വലത്തോട്ടു തിരിയുമ്പോഴാണ് അപകടമുണ്ടാകുന്നത്.
ഇടതുഭാഗത്ത് യത്തീംഖാനയുടെ ഗേറ്റിനു മുന്നിലുള്ള കുഴി അടച്ച് ഇവിടെ വീതികൂട്ടുന്നതിനൊപ്പം വലതുഭാഗത്തേക്ക് തിരിയുന്നതിനും കൂടുതല്‍ സ്ഥലം കണ്ടെത്തണം. അതല്ലെങ്കില്‍ വലതുഭാഗത്തെ വെള്ളച്ചാലിലേക്കു നീളംകൂടിയ വാഹനങ്ങള്‍ തെന്നിവീഴാന്‍ സാധ്യത ഏറെയാണ്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍നിന്നും വരുന്ന നൂറുക്കണക്കിനു ചരക്കുലോറികള്‍ പഴയ മംഗലംപാലം കടന്ന് ഇതിലൂടെയാണ് ദേശീയപാതയിലേക്ക് കയറിപോകുക.
പഴയ മംഗലംപാലവും അപകടാവസ്ഥയിലാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇടുങ്ങിയ ഈ പാലത്തിലൂടെയാണ് ടണ്‍ കണക്കിനു ഭാരമുള്ള വലിയ ലോറികള്‍ പോകുന്നത്. പുഴ നിറഞ്ഞൊഴുകുമ്പോഴാണ് പാലത്തിലൂടെയുള്ള യാത്ര ഭീതിതരമാകുക.നൂറോളം ബസുകളും ഈ പാലം കടന്നാണ് പോകുന്നത്. അതിവര്‍ഷമുണ്ടായ 2007 ജൂലൈയില്‍ മംഗലംപുഴ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള വാഹനയാത്ര ഏതാനും ആഴ്ച നിരോധിച്ചിരുന്നു. പിന്നീട് കാര്യമായ സുരക്ഷാനടപടി സ്വീകരിക്കാതെയാണ് പാലത്തിലൂടെ ഇപ്പോഴും വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ വീതികൂടിയ പുതിയപാലം വേണമെന്ന ആവശ്യവും നടപടികളിലേക്ക് നീങ്ങിയില്ല.