നാളെ ലോക ഹൃദയ ദിനം ; ഹൃദ്രോഗ വിഭാഗമില്ലാതെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി

ekm-medicalcollegeകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാവിഭാഗം ആരംഭിക്കുമെന്ന പ്രഖ്യാപനം പുതിയ സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും നടപടികള്‍  ഇഴഞ്ഞു നീങ്ങുന്നു. ഒരു ഹൃദയ ദിനം കൂടി നാളെ കടന്നു പോകുമ്പോള്‍ നിര്‍ധന രോഗികള്‍ ഇപ്പോഴും സ്വകാര്യ ആശുപത്രികളെ തുടര്‍ചികിത്സയ്ക്ക് ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു താത്കാലിക ഡോക്ടര്‍ ആണ് ഹൃദ്രോഗ വിഭാഗത്തില്‍ സേവനം നല്‍കുന്നത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമാണ് പാര്‍ട് ടൈം കാര്‍ഡിയോളജിസ്റ്റിന്‍െറ സേവനം. സഹകരണ വകുപ്പിന്റെ കീഴിലായിരുന്നപ്പോള്‍ സര്‍വീസിലുണ്ടായിരുന്ന ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ നിന്നു റിട്ടയര്‍ ആയ ശേഷവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  സേവനം നല്‍കാന്‍ തയാറായതാണ് രോഗികള്‍ക്ക് അനുഗ്രഹമായത്.

വെള്ളിയാഴ്ച പുതിയ 35 രോഗികളെ ഡോക്ടര്‍ പരിശോധിക്കുമെങ്കിലും കാത്ത് ലാബ് സംവിധാനമില്ലാത്തതിനാല്‍ ഹൃദയ സംബന്ധമായ പരിശോധനകളൊന്നും തന്നെയില്ല. ഹൃദ്രോഗവിഭാഗത്തിലെ ഇപ്പോഴുള്ള ട്രെഡ്മില്‍യന്ത്രം, എക്കോ മെഷീന്‍ എന്നിവ പ്രാഥമിക പരിശോധനകള്‍ക്ക് ആവശ്യമെങ്കിലും എപ്പോഴാണു കാലപ്പഴക്കം കാരണം പണിമുടക്കുകയെന്ന് അറിയില്ല. എക്കോ, ടിഎംടി ടെസ്റ്റുകള്‍ ക്കായി പലപ്പോഴും രോഗികള്‍ സ്വകാര്യ ലാബുകളിലേക്ക് പോകേണ്ട അവസ്ഥയിലാണ്. “ഒരു ബിപി അപ്പാരസ്റ്റും ഒരു ഡോക്ടറും’ എന്ന വിശേഷണത്തില്‍ തന്നെയാണു മെഡിക്കല്‍ കോളജ് ഇപ്പോഴും.

ഹൃദ്രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങുകയെന്നതു രോഗികളുടെ വളരെക്കാലത്തെ ആവശ്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ആധുനിക രീതിയിലുള്ള പരിശോധന സംവിധാനം, ഓപ്പറേഷന്‍ എന്നിവയും രോഗികള്‍ നിരന്തരം ആവശ്യപ്പെടുന്നു.  കാര്‍ഡിയോളജി പേഷ്യന്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒരു കാത്ത് ലാബ് തുടങ്ങാനായി മുന്നു നില കെട്ടിടവും അത്യാഹിത വിഭാഗത്തിനടുത്തു കാമ്പസിനുള്ളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് സഹകരണ വകുപ്പിനു കീഴിലായിരുന്നപ്പോള്‍ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. എസ്. അബ്ദുള്‍ ഖാദര്‍ കാത്ത് ലാബ് പദ്ധതിയുടെ രൂപരേഖ തയാറാക്കി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പേ നല്‍കിയിട്ടുമുണ്ട്.

ഓരോ തവണയും ഈ പ്രൊപ്പോസല്‍ തന്നെ പുതുക്കി മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോഗ്യ വകുപ്പിന്  സമര്‍പ്പിക്കും. കാത്ത് ലാബ് വരുന്നതു മെഡിക്കല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ പഠന നിലവാരവും മെച്ചപ്പെടുത്തുമെന്ന് അധ്യാപകര്‍ പറയുന്നു. നിലവില്‍ മെഡിക്കല്‍ പിജി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നതു കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളെയാണ്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിനും വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കൂടി 80 കോടി രൂപ കാത്ത് ലാബിനായി അനുവദിച്ചിട്ടുണ്ട്.  ഇതിന്റെ നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരും കാത്ത് ലാബ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ടു പോയില്ല.

അതേ സമയം കാത്ത് ലാബ് തുടങ്ങാനായി പദ്ധതി രൂപരേഖ ആരോഗ്യ വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ശ്രീകല പറഞ്ഞു. കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞതിനാല്‍ അനുവദിച്ച പത്തു കോടിയോളം രൂപ കെട്ടിട നവീകരണത്തിനും ലാബിനുമായി മാറ്റി വയ്ക്കാനാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ കാത്ത് ലാബ് വഴിയൊരുക്കുമെന്നും പ്രിന്‍സിപ്പല്‍ ശ്രീകല അഭിപ്രായപ്പെട്ടു. കാത്ത് ലാബും കാര്‍ഡിയോളജിവിഭാഗവും ഒരുപോലെ പ്രവര്‍ത്തനക്ഷമമായാല്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, രണ്ട് ലക്ചറര്‍ എന്നിവരെ സ്ഥിരമായി നിയമിക്കണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  സര്‍ജറികള്‍ക്ക് അനസ്‌തേഷ്യ വിദഗ്ധനൊപ്പം ഹൃദ്രോഗവിദഗ്ധന്റെ സേവനവും ലഭിക്കും.

Related posts