കണ്ണൂര്‍: അഴീക്കോട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.വി. നികേഷ് കുമാറിനു സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നല്കിയതു സ്വതന്ത്രനായി മത്സരിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം 30ന് മാത്രമേ അനുവദിക്കുകയുള്ളൂ.
അതുവരെയുള്ള ഒന്നരമാസക്കാലം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചിഹ്നമില്ലാതെ വോട്ടഭ്യര്ത്ഥിക്കേണ്ടി വരും. അതിനാലാണു നികേഷിനു സിപിഎം പാര്‍ട്ടി ചിഹ്നം നല്കാന് തീരുമാനിച്ചത്. പാര്‍ട്ടിയംഗമല്ലാത്ത ഒരാള്‍ക്കു ചിഹ്നം നല്കിയതു ശരിയായ നടപടിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും ലോനപ്പന് നമ്പാടന് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമായി നല്‍കിയിരുന്നുവെന്നായിരുന്നു മറുപടി. മറ്റു എല്‍ഡിഎഫ് സ്വതന്ത്രന്മാര്ക്ക് ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ബാധകമാകില്ലേയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ ആലോചിച്ചു നടപ്പാക്കേണ്ടതാണെന്നും അതില്‍ തെറ്റില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി.