നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പന്‍ നെയ്യാറ്റിന്‍കര കണ്ണന് ഇനി സുഖചികിത്സയുടെ നാളുകള്‍. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പായി വിസ്തരിച്ചുള്ള കുളി പ്രധാനമാണ്. ഔഷധക്കൂട്ടുള്ള ആഹാരമാണ് കര്‍ക്കടക മാസത്തിലെ സുഖചികിത്സയ്ക്ക് നല്‍കുന്നത്. മള്‍ട്ടി വൈറ്റമിനായ ഷാര്‍ക്കഫെറോള്‍, ച്യവനപ്രാശം, അഷ്ടചൂര്‍ണ്ണം, കീഴാനെല്ലി പൗഡര്‍ എന്നിവയാണ് മരുന്നിനത്തിലെ ചേരുവകള്‍. ഉണക്കലരി, ഗോതമ്പ്, ചെറുപയര്‍, കൂരവ്, കരുപ്പെട്ടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് തയാറാക്കുന്ന ഭക്ഷണം ഔഷധക്കൂട്ടിനോടൊപ്പം ഗജവീരന് നല്‍കും.
മുപ്പതു ദിവസത്തെ സുഖചികിത്സ ആരംഭിച്ചതോടെ ഇനിയുള്ള നാളുകള്‍ കണ്ണന് വിശ്രമത്തിന്റേതു കൂടിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ആര്‍ മോഹന്‍ലാല്‍ ആദ്യ ഉരുള നല്‍കി സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചു. ക്ഷേത്രമേല്‍ശാന്തി വി. പത്മകുമാര്‍ പോറ്റി ആരതി ഉഴിഞ്ഞ ശേഷമായിരുന്നു ചടങ്ങുകള്‍. ദേവസ്വം അസി.കമ്മീഷണര്‍ ബി. മധുസൂദനന്‍നായര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ എസ്.ആര്‍ സജിന്‍, എം.എസ് ശിവകുമാര്‍, ഉപദേശകസമിതി പ്രസിഡന്റ് ടി. ശ്രീകുമാരന്‍നായര്‍, സെക്രട്ടറി എസ്.കെ ജയകുമാര്‍, ഡി. അനില്‍കുമാര്‍, ഡി. കൃഷ്ണന്‍കുട്ടിനായര്‍, കെ. രതീഷ്കുമാര്‍, ഇരുമ്പില്‍ വിജയന്‍, പി. ശോഭാറാണി, എ. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.