നെയ്യാറ്റിന്‍കരയില്‍ പോരാട്ടം കടുക്കും

tvm-paravoorനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഓരോ ദിവസം കഴിയുന്തോറും വീര്യം കൂടുന്ന വിധത്തിലാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കൂടിയാകുന്നതോടെ പ്രചാരണത്തിന് വീറും വാശിയും വര്‍ധിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ  തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ എത്തുമെന്നാണ് അറിയുന്നത്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള ജംഗ്ഷന്‍ സന്ദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

അതിയന്നൂരിലെ സന്ദര്‍ശനത്തില്‍  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍, മണ്ഡലം പ്രസിഡന്റ് അഞ്ചുവന്നി മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗം വി.പി. സുനില്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് അംബിക, ശകുന്തള എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ശെല്‍വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിട്ടയായ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നു.  അവനീന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യുഡിഎഫ് ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു. പ്രചരണ പ്രവര്‍ത്തനത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനും യോഗം അന്തിമ തീരുമാനം നല്‍കി.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലനും പ്രചാരണം തുടരുന്നു. ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

ബിജെപി സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ അമരവിള, പെരുമ്പഴുതൂര്‍ ഏര്യാകളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. കൂട്ടപ്പന ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ഥി ഭക്തരോട് വോട്ട് അഭ്യര്‍ഥിച്ചു. പാര്‍ട്ടി നേതാക്കളായ അതിയന്നൂര്‍ ശ്രീകുമാര്‍, കൂട്ടപ്പന മഹേഷ്, ആനന്ദ് എന്നിവര്‍ അനുഗമിച്ചു. ബിജെപി യുടെ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഈ മാസം 17 ന് നടക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്‍.പി ഹരി അറിയിച്ചു.

Related posts