പട്ടിക്കടുവ യാഥാര്‍ഥ്യമോ? പട്ടിയുടെയും പുലിയുടെയും സങ്കരഗുണങ്ങള്‍ ചേര്‍ന്ന ഒരു ജീവി; ഉണ്ടെന്ന് ഉറപ്പിച്ച് വന്യജീവി ഗവേഷകന്‍ അജില്‍ നാരായണന്‍

pULIതൃശൂര്‍: പട്ടിയുടെയും പുലിയുടെയും സങ്കരഗുണങ്ങള്‍ ചേര്‍ന്ന ഒരു ജീവി. പട്ടിയേക്കാള്‍ വലിപ്പം. ഒറ്റ നോട്ടത്തില്‍ പുലിയാണെന്നു തോന്നും. മുഖം പട്ടിയുടേതുപോലെ. നഖം പുലികളില്‍നിന്നു വ്യത്യസ്തമായി ഉള്ളിലേക്കു വലിക്കാന്‍ കഴിയില്ല. നാട്ടിലിറങ്ങി വളര്‍ത്തുപട്ടികളെ ആഹാരമാക്കും. പഴമക്കാര്‍ തലമുറകളായി കൈമാറിയ പട്ടിക്കടുവയുടെ വിശേഷണങ്ങള്‍ ഇവയെല്ലാമാണ്.

നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പു വംശനാശം സംഭവിച്ചുവെന്നു ശാസ്ത്രലോകം വിധിയെഴുതിയെങ്കിലും സഹ്യപര്‍വതത്തില്‍ പട്ടിക്കടുവ ഇപ്പോഴും അവശേഷിക്കുന്നതായി കരുതുന്നവരുണ്ട്. വനപ്രദേശത്തു താമസിക്കുന്നവര്‍ പലവട്ടം കണ്ടതായി അവകാശ വാദങ്ങളുണ്ടെങ്കിലും തെളിവുസഹിതം സ്ഥാപിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ വാദങ്ങള്‍ക്കു വലിയ പ്രസക്തി കല്‍പിക്കപ്പെട്ടിട്ടിരുന്നില്ല. എന്നാല്‍, പട്ടിക്കടുവ കേരളത്തിലെ കാടുകളിലുണ്ടെന്ന് ഉറപ്പിച്ചു പറയുന്ന ഒരാളുണ്ട്. ഡിഫന്‍സ് അനലിസ്റ്റും വന്യജീവി ഗവേഷകനുമായ ഡിജോ തോമസ്.

വര്‍ഷങ്ങളായി പട്ടിക്കടുവയുടെ കാലടികള്‍ പിന്തുടരുന്ന ഡിജോ കേരളത്തിലെ കാടുകളില്‍ ഇവയുണ്ടെന്നതിനു ശാസ്ത്രീയമായ തെളിവുകളും നിരത്തുന്നു. ജീവിയുടേതെന്നു കരുതുന്ന കാല്‍പാടുകള്‍, നേരിട്ടുകണ്ടവരുടെ വിവരണങ്ങള്‍ തുടങ്ങിയ ശാസ്ത്രീയമായി അപഗ്രഥിച്ചാണു പട്ടിക്കടുവ ഇപ്പോഴുമുണ്ടെന്ന നിഗമനത്തില്‍ ഡിജോ എത്തുന്നത്.
നെയ്യാര്‍ ഡാമിനരികില്‍ 2014ലാണ് ആദ്യമായി പട്ടിക്കടുവയെന്നു കരുതുന്ന ജീവികളുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പു തൃശൂര്‍ കാഞ്ഞാണിയിലും ഇത്തരം കാല്‍പാടുകള്‍ കണ്ടിരുന്നു.

നെയ്യാര്‍ ഡാം പരിസരത്തും കാഞ്ഞാണിയിലും കണ്ടെത്തിയ കാല്‍പാടുകളില്‍ ജീവിയുടെ നഖമുള്‍പ്പെടെ പതിഞ്ഞിട്ടുണ്ട്. നഖം തിരിച്ചുകയറാത്ത കാല്‍പാടുകളില്‍നിന്ന് ഇവ പുലിയുടേതോ കടുവയുടേതോ അല്ലെന്നു വ്യക്തമാണ്. സാധാരണയിലധികം വലിപ്പമുള്ളതിനാല്‍ ഇതു നായ്ക്കളുടേതല്ലെന്ന് ഉറപ്പിക്കാന്‍ കഴിയും.

മുമ്പ് ഇവയുടെതെന്നു കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയ ഇടങ്ങളില്‍ നിന്നെല്ലാം വളര്‍ത്തു നായ്ക്കളെ കാണാതായിരുന്നു. നഖം ഉള്‍വലിയാത്ത കാല്‍പാദങ്ങളുള്ള കഴുതപ്പുലികള്‍, കാട്ടുപട്ടികള്‍ എന്നിവയുടെയൊന്നും സാന്നിധ്യം കേരളത്തില്‍ കണ്ടെത്തിയിട്ടുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഇവ നായ്ക്കളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള സാധ്യതയും കുറവാണ്. ഇത്തരം കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു പട്ടിക്കടുവയുടെ സാന്നിധ്യം ഡിജോ സ്ഥിരീകരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ സഹിതം ബന്ധപ്പെട്ടിട്ടും അതൊന്നും പരിശോധിക്കാന്‍പോലും വനംവകുപ്പ് അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആരോപണം. ഒരു വര്‍ഷംമുമ്പു മലമ്പുഴയില്‍ നാട്ടിലിറങ്ങി വളര്‍ത്തുനായയെ പിടികൂടിയ ഇത്തരമൊരു ജീവിയെ കുടുംബാംഗങ്ങള്‍ നേരിട്ടുകണ്ടിരുന്നു. നെയ്യാര്‍ ഡാം പരിസരവാസികളായ 25 ഓളം പേര്‍ പട്ടിക്കടുവയെ പലപ്പോഴായി കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടിലിറങ്ങിയ ഇത്തരമൊരു ജീവിയെ നാട്ടുകാര്‍ തല്ലിക്കൊന്നതായും പറയുന്നു. മംഗലാപുരത്ത് 30 വര്‍ഷം മുമ്പു പട്ടിക്കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത്രയൊക്കെയാണെങ്കിലും ജീവിവര്‍ഗമായി അംഗീകരിക്കപ്പെടണമെങ്കില്‍ പട്ടിക്കടുവയുടെ ചിത്രമെങ്കിലും ലഭിക്കാതെ തരമില്ല. മൂന്നു മാസത്തോളം കാട്ടില്‍ ചെലവഴിച്ചു പട്ടിക്കടുവയുടെ ഫോട്ടോ എടുക്കാന്‍ ഡിജോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തക സംഘം തയാറാണ്. എന്നാല്‍, രണ്ടു വര്‍ഷംമുമ്പു നല്‍കിയ അപേക്ഷയില്‍ ഇതിനായുള്ള അനുമതി ഇപ്പോഴും വനംവകുപ്പു നല്‍കിയിട്ടില്ലെന്നു പറയുന്നു.

കടുവയും സിംഹവും പുലിയും ഉള്‍പ്പെടുന്ന ബിഗ് കാറ്റ് ഫാമിലിയില്‍ ഏഴു ജീവികളാണുള്ളത്. കണ്ടുപിടിക്കപ്പെട്ടാല്‍ പുലി, ചീറ്റ, ജാഗ്വര്‍, കൗഗര്‍, ഹിമപ്പുലി എന്നീ ജീവികളും ഉള്‍പ്പെടുന്ന ബിഗ്ക്യാറ്റ് ഫാമിലിയില്‍ എട്ടാമതായി പട്ടിക്കടുവ സ്ഥാനം പിടിച്ചേക്കും. മുപ്പതോളം പട്ടിക്കടുവകള്‍ കേരളത്തിലെ കാടുകളില്‍ അവശേഷിക്കുന്നുവെന്നു ഡിജോ വിശ്വസിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ ഇവയുടെ സാന്നിധ്യം ശാസ്ത്രലോകത്തിനു മുന്നില്‍ വെളിപ്പെടുമെന്നും.

Related posts