ചാലക്കുടി: കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ യശശരീരനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ വെങ്കല പ്രതിമ ദേശീയ പാതയോരത്ത് ഗവണ്‍മെന്റ് ഹൈസ്കൂളിനു സമീപം പുനസ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നൂറുകണക്കിനാളുകള്‍ പനമ്പിള്ളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
പനമ്പിള്ളി ഗോവിന്ദമേനോന്‍ ജന്മശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണകുറുപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുന്‍ എംപി പി.സി. ചാക്കോ, വൈസ് ചെയര്‍മാന്‍ സി.പി. പോള്‍ ചുങ്കത്ത്, ജനറല്‍ കണ്‍വീനര്‍ മുന്‍ എംഎല്‍എ ടി.യു. രാധാകൃഷ്ണന്‍, അഡ്വ. സജി റാഫേല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, ബ്ലോക്ക് ഗാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍, മുന്‍ പ്രസിഡന്റ് എം.പി. ഭാസ്കരന്‍ നായര്‍, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ വി.ഒ. പൈലപ്പന്‍, അഡ്വ. സി.ജി. ബാലചന്ദ്രന്‍, ആലീസ് ഷിബു, മേരി നളന്‍, മര്‍ച്ച്ന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.പി. ജോസഫ് മാസ്റ്റര്‍, ഡിസിസി സെക്രട്ടറിമാരായ ടി.എ. ആന്റോ, ജെയിംസ് പോള്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലീന ഡേവീസ്, ഫൗണ്ടേഷന്‍ കമ്മിറ്റി അംഗമായ പി.എന്‍. കൃഷ്ണന്‍നായര്‍, പനമ്പിള്ളി രവി, അഡ്വ. പി. ഐ. മാത്യു, ഷാജു വടക്കന്‍, ഐ. ഐ. അബ്ദുള്‍ മജീദ്, എം.വി. കുഞ്ഞുകുഞ്ഞ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
1998 ഓഗസ്റ്റ് ഏഴിന് സൗത്ത് ജംഗ്ഷനില്‍ നിര്‍മിച്ച പനമ്പിള്ളി സ്ക്വയറില്‍ അന്നത്തെ രാഷ് ട്രപതി കെ.ആര്‍. നാരായണനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍ 2007 ല്‍ ഒരു വാഹനാപകടത്തില്‍ പനമ്പിള്ളി പ്രതിമ മറിഞ്ഞുവീഴുകയും പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലം നഷ്ടപ്പെടുകയും ചെയ്തു. പ്രതിമ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം എവിടെയാണെന്ന് തീരുമാനമായിരുന്നില്ല.
ഇതിനാല്‍ കഴിഞ്ഞ ഒമ്പതുവര്‍ഷമായി പ്രതിമ ട്രാംവേ റോഡിലുള്ള ഒരു പറമ്പില്‍ വച്ചിരിക്കുകയായിരുന്നു. പനമ്പിള്ളിയുടെ ജന്മശതാബ്ദി ആഘോഷമായി ബന്ധപ്പെട്ട് പരേതനായ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജന്മശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പ്രതിമ പുനസ്ഥാപിച്ചത്. ഫൗണ്ടേഷന്റെ ശ്രമഫലമായി പ്രതിമ സ്ഥാപിക്കുന്നതിനും സാംസ്കാരിക നിലയം നിര്‍മിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് സെന്റ് സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു.