കോടാലി: എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വിധത്തില്‍ ദുര്‍ബലമായി നില്‍ക്കുകയാണ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്. മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പമ്പ് ഹൗസ് പുനര്‍നിര്‍മിക്കാനുള്ള നടപടി വൈകുകയാണ്. മുപ്പത്തഞ്ചുവര്‍ഷത്തോളം പഴക്കമുള്ളതാണ് കിഴക്കേ കോടാലിയിലെ പമ്പ്ഹൗസ്. മറ്റത്തൂര്‍ പഞ്ചായത്തിലെ പകുതിയോളം പ്രദേശത്തേക്ക് ശുദ്ധജലമെത്തിക്കുന്നത് ഇവിടെ നിന്നാണ്.
പമ്പ് ഹൗസിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് പതിവാണ്. കോണ്‍ക്രീറ്റ് അടര്‍ന്നു പോയ ഭാഗത്ത് തുരുമ്പിച്ച കമ്പികള്‍ പുറത്തുകാണാം. മേല്‍ക്കൂരയേക്കാള്‍ ശോച്യാവസ്ഥയിലാണ് ഭിത്തികള്‍. ഭിത്തിയില്‍ പലയിടത്തും വിള്ളല്‍ വീണിട്ടുള്ളതിനാല്‍ വാതിലില്‍കൂടി അല്ലാതേയും അകത്തുകടക്കാനാകും. ദുര്‍ബലമായ ചുമരുകള്‍ ഏതു സമയവും ഇടിഞ്ഞുവീഴാറായതോടെ പമ്പിംഗ് നടത്തുന്ന ജീവനക്കാര്‍ ഭീതിയോടെയാണ് ഇതിനുള്ളില്‍ കഴിയുന്നത്.
ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ ജനല്‍കതകിന്റേയും ഭിത്തിയുടേയും വിള്ളല്‍ വഴി മഴവെള്ളം അകത്തേക്കു വരുന്നതിനാല്‍ മഴക്കാലത്ത് ഇവരുടെ ദുരിതം ഇരട്ടിക്കും. വാതിന്റെ സ്ഥിതിയും ദയനീയമാണ്. കിഴക്കേ കോടാലി പമ്പ് ഹൗസ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മൂന്നുവര്‍ഷം മുമ്പു നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍്ക്ക പരിപാടിയില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഏതാനും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പ് ഹൗസ് പരിശോധിക്കുക മാത്രമാണ് ഉണ്ടായത്.