പയ്യന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന് എന്നിവരും നാളെ പയ്യന്നൂരില്‍. വൈകുന്നേരം നാലരയ്ക്ക്് ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ നേതാക്കള്‍ പ്രസംഗിക്കും. സിപിഎം അക്രമങ്ങള്‍ക്കും കള്ളക്കേസുകള്ക്കുമെതിരെയാണ് പ്രതിഷേധ കൂട്ടായ്മയെന്ന് ബിജെപി നേതൃത്വം പറയുന്നു. കഴിഞ്ഞമാസം 11ന് കുന്നരുവിലെ സിപിഎം പ്രവര്ത്തകന് സി.വി.ധനരാജും രണ്ടുമണിക്കൂറിനുള്ളില്‍ അന്നൂരിലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനും സമാനരീതിയില്‍ വെട്ടേറ്റ് മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സിപിഎം നിരവധി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ വിവാദം ഉയര്‍ത്തുകയും ചെയ്തു. സിപിഎമ്മിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന ബിജെപി നേതൃത്വം അഞ്ചാഴ്ചകള്‍ക്ക് ശേഷമാണ് പയ്യന്നൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത്. ദേശീയ പ്രസിഡന്റ്് അമിത്ഷായുടെ പ്രത്യേക നിര്‍ദേശമാണ് യോഗത്തിന് പിന്നിലെന്നത് ശ്രദ്ധേയമാണ്.കേന്ദ്രനേതൃത്വം കൊലപാതകം സംബന്ധിച്ച്് വിശദീകരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലവും പ്രതിഷേധ കൂട്ടായ്മയ്ക്ക് പിന്നിലുണ്ട്.സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള നേതാക്കളും മുന്നൂറ്റമ്പതോളം എംപിമാരുമുള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കുന്ന ദേശീയ സമ്മേളനം അടുത്തമാസം 23 മുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടക്കാനിരിക്കെയാണ് പയ്യന്നൂരില്‍ നാളെ പൊതുയോഗം സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ കൊലപാതകങ്ങളെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ണൂര്‍ പോലീസ് മേധാവിക്ക്് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. എസ്പിക്കെതിരെ സിപിഎം നേതൃത്വം ശക്തമായ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധ കൂട്ടായ്മയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പയ്യന്നൂരിന്റെ പ്രത്യേക സാഹചര്യത്തില്‍ കനത്ത സുരക്ഷാ സന്നാഹമൊരുക്കി പോലീസ് ജാഗ്രതയിലാണ്.