ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വതേറെ ജിറോണിനെ വിട്ടയയ്ക്കാന്‍ ഉപാധികള്‍വച്ച് ഇന്ത്യ. അന്തരാഷ്ട്ര മധ്യസ്ഥ കോടതിയിലാണ് ഇന്ത്യ ഉപാധികള്‍ വച്ചത്. ഇതാദ്യമായാണ് ഇറ്റാലിയന്‍ നാവികനെ വിട്ടയയ്ക്കാന്‍ ഇന്ത്യ ഉപാധികളുമായി മുന്നോട്ടുവരുന്നത്.
പാസ്‌പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം, ഇറ്റലി വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നത്. ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ ഇപ്പോള്‍ ഇറ്റലിയിലാണ്. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ചികിത്സയ്ക്കായി ഇയാളെ നാട്ടിലേയ്ക്ക് അയക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. രണ്ട് മലയാളി മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ 2012-ലാണ് ഇരുവരും അറസ്റ്റിലായത്.
സാല്‍വതേറെ ജിറോണിന്റെ മോചനം ആവശ്യപ്പെട്ട് ഇറ്റലി നേരത്തേ രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയില്‍ നടത്തിയ ഇടപെടലിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇയാളെ വിട്ടയയ്ക്കാന്‍ സാധ്യമല്ലെന്നായിരുന്നു നേരത്തേ ഇന്ത്യയുടെ നിലപാട്. വിട്ടയച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.