പിടികൂടിയത് പാമ്പിനെ, പക്ഷെ പിടിച്ചത് ‘പുലിവാല്‍”! വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുംവരെ പാമ്പിനെ സംരക്ഷിക്കേണ്ട ഗതികേടില്‍ നാട്ടുകാര്‍

snakeരാമപുരം: വേലിയില്‍ കിടക്കുന്ന പാമ്പിനെ തോളത്ത് വയ്‌ക്കെരുതെന്ന പഴഞ്ചൊല്ലിന്റെ  അര്‍ഥം കുടപ്പുലം നിവാസികളായ നാട്ടുകാര്‍ക്ക് ഇന്നലെയാണ് മനസിലായത്. കുടപ്പുലം ഗവ.എല്‍പി സ്കൂളിനു സമീപം റോഡില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയതു മുതലാണ് സംഭവങ്ങളുടെ തുടക്കം.

ഇന്നലെ വൈകുന്നേരം റോഡിലൂടെ പോവുകയായിരുന്ന കുരിയന്‍തെക്കേല്‍ മഹേഷാണ് 25 കിലോയോളം ഭാരം വരുന്ന പെരുമ്പാമ്പിനെ റോഡില്‍ കണ്ടത് ഉടന്‍തന്നെ  നാട്ടുകാരനായ പുളിയ്ക്കല്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. ആവേശം മൂത്ത് പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ക്ക് തങ്ങള്‍പുലിവാലാണ് പിടിച്ചതെന്ന് പിന്നീടാണ് മനസിലായത്. പെരുമ്പാമ്പിനെ പിടികൂടി സാമൂഹിക പ്രതിബന്ധത കാട്ടിയ നാട്ടുകാര്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുംവരെ പാമ്പിനെ സംരക്ഷിക്കേണ്ട ഗതികേടിലായി.

ഇന്ന് രാവിലെയാണ്  വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ ഏറ്റുവാങ്ങിയത്. പഴഞ്ചൊല്ല് ഓര്‍ത്തിരുന്നെങ്കില്‍  പിടിച്ച പാമ്പിനെ സൂക്ഷിക്കാന്‍ ഉറക്കം കളയേണ്ട  അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ ഇപ്പോള്‍ അടക്കം പറയുന്നത്.

Related posts