പൊന്നണിഞ്ഞ് ദേവേന്ദ്ര

sp-paraറിയോ ഡി ഷാനെറോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജരിയയാണ് സ്വര്‍ണം നേടിയത്. അതും ലോകറിക്കാര്‍ഡ് പ്രകടനത്തോടെ. സ്വന്തം പേരിലെ റിക്കാര്‍ഡാണ്. 63.97 മീറ്റര്‍ എറിഞ്ഞാണ്അദ്ദേഹം സ്വര്‍ണവും ലോകറിക്കാര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തത്. ദേവേന്ദ്രയുടെ രണ്ടാമത്തെ പാരാലിമ്പിക്‌സ് സ്വര്‍ണമാണിത്. 2004ല്‍ ആഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സിലാണ് ദേവേന്ദ്ര ആദ്യ സ്വര്‍ണം നേടിയത്. അന്ന് 62.15 മീറ്റര്‍ ദൂരത്തേക്കാണ് ദേവേന്ദ്ര ജാവലിന്‍ പായിച്ചത്. 36കാരനായ ദേവേന്ദ്ര ലോക റാങ്കിംഗില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരനാണ്.

രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ എട്ടാം വയസില്‍ നഷ്ടപ്പെട്ടതാണ്. എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ അദ്ദേഹത്തിന്റെ കൈതട്ടുകയായിരുന്നു. അപകടത്തില്‍ ദേവേന്ദ്രയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെങ്കിലും കുഞ്ഞു ദേവേന്ദ്രയ്ക്ക് അന്നു കൈ നഷ്ടപ്പെട്ടു.

ഒറ്റക്കൈയനെന്നു വിളിച്ചു കളിയാക്കിയിരുന്നവര്‍ക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ മെഡല്‍ നേട്ടങ്ങള്‍. പലപ്പോഴും അവഹേളനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഒരിക്കല്‍ പ്പോലും ജീവിതത്തോട് തോറ്റു കൊടുക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ആ പോരാട്ട വീര്യമാണ് അദ്ദേഹത്തെ ഇവിടെവരെയെത്തിച്ചത്. ദ്രോണാചാര്യ പുരസ്കാരം നേടിയ ആര്‍.ഡി സിംഗാണ് ദേവേന്ദ്രയുടെ കോച്ച്.

2004ല്‍ അര്‍ജുനയും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ദേവേന്ദ്ര. 2013ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്പ്കിസ് അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു. കൊറിയയില്‍ നടന്ന എഫ്ഇഎസ്പിഐസി ഗെയിംസിലും 2013ല്‍ നടന്ന ഐപിസി അത്‌ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്.

റിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവിനായിരുന്നു ആദ്യ സ്വര്‍ണം. വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ 31-ാം സ്ഥാനത്താണ്.

Related posts