ഭവാനിയുടെ ജീവിതത്തിന് വെളിച്ചമേകി വിദ്യാര്‍ഥികള്‍

tvm-bhavaniകാട്ടാക്കട :തൊണ്ണൂറ് കഴിഞ്ഞ ഈ  വ്യദ്ധ അവഗണനയുടെ തുരുത്തിലായിരുന്നു.  പൂവച്ചല്‍ കാപ്പിക്കാടിന് സമീപം കോട്ടാക്കുഴി റോഡരികത്ത് വീട്ടില്‍ പരേതനായ ചെല്ലപ്പന്റ ഭാര്യ ഭവാനി    ( 90) ഏത് സമയത്തും നിലം പതിക്കാവുന്ന വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആരോരും അന്വേഷിക്കാനില്ലാതെ പട്ടിണിയുമായി കഴിയുന്ന ഭവാനിയെ കുറിച്ചുള്ള വിവരം വാര്‍ഡ് മെമ്പറായ ജി. ഒ. ഷാജി മുഖേന  പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്. എസ് വിഭാഗം  അറിയുന്നു. നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാര്‍ഥ.ികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരു ദിവസം അവര്‍ക്കായി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചു.

തൊണ്ണൂറ് കഴിഞ്ഞ വ്യദ്ധ മാതാവിനെ കാണാനും അനുഭവം പങ്കുവെയ്ക്കാനും അമ്മയോടൊപ്പം ഒരു നേരത്തെ ആഹാരം കഴിക്കാനും അവര്‍ എത്തി.  വര്‍ഷങ്ങളോളമായി വീടും പരിസരവും ആരും നോക്കാതെ കിടന്നതു കാരണം ഇഴജന്തുക്കളും മറ്റ് ജീവികളുടെയും താവളമായിരുന്നു ‘ വൈദ്യുതി കണക്ഷന്‍ ഇല്ലാതെ കൂരിരുട്ടില്‍ കഴിഞ്ഞിരുന്ന ഈ വീട്ടിലെ കേടുപാടുകള്‍ വയര്‍മാനായ സലാഹുദ്ദീന്റെ  സഹായത്താല്‍ പ്രകാശം തെളിയിച്ചു. അയല്‍പക്കത്തെ നല്ല മനുഷ്യരുടെ സഹായത്താല്‍ ഒരു പൈപ്പ് കണക്ഷന്‍ കൊടുക്കാനുള്ള നടപടിയുമെടുത്തു.

വീട്ടില്‍ മൂന്ന് ചാക്ക് നിറയെ പഴയ തുണികളും പേപ്പറുകളും മൂന്ന് കസേരയും ഒരു ടീപ്പോയമുണ്ട് ‘ ഉപയോഗശൂന്യമായ കട്ടില്‍ ശരിയാക്കി കിടക്കാനാവുന്ന തരത്തിലാക്കി. ഇപ്പോഴും നല്ല ഓര്‍മ്മ ശക്തിയും കേള്‍വിയും കാഴ്ച ശക്തിയും  വ്യദ്ധയ്ക്ക്  ഉണ്ട്. പൂവച്ചല്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും ഒരു കേശവന്‍ സാറായിരുന്നു ക്ലാസ് ടീച്ചറെന്നും ഭവാനി ഓര്‍മിക്കുന്നുണ്ട്. പച്ചകറിക്ക് വലിയ വിലയാണന്നും മുഴുവനും വിഷമാണ് ആയതിനാല്‍ വീട്ടില്‍ പച്ചക്കറി കൃഷി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ വീടിന്റെ പരിസരത്ത് കുറച്ച് പച്ചക്കറി വിത്തുകളും നട്ട് കൊടുത്തു.

കുറെ നേരം കഥയും പാട്ടും പാടി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഭവാനിയുടെ കണ്ണു നിറഞ്ഞു. വിദ്യാര്‍ഥികളെ ഓണത്തിന് പായസം കുടിക്കാന്‍ ക്ഷണിക്കാന്‍ ഭവാനി മറന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ വാര്‍ഡ് മെമ്പര്‍മാരായ ജി.ഒ. ഷാജി., ബിന്ദു, ദിനേശ് കൃഷി ഓഫീസര്‍ പി. കെ ഷീന പ്രിന്‍സിപ്പല്‍ സീമ സേവ്യര്‍, കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി. പി, പി.ടി. എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, വിനോദ് മണ്ടേല, രജി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Related posts