ചാവക്കാട്: വറുതിയും ദുരിതവും കടവുമായി ഒരു ഇടവപ്പാതികൂടി കഴിഞ്ഞു. തീരത്തിനു പറയാനുള്ളത് പഴയ സമൃദ്ധിയും ഇപ്പോഴത്തെ കഷ്ടപ്പാടും.പണ്ട് വള്ളം നിറയെ മീനുമായി കടലിന്റെ മക്കള്‍ കരയ്‌ക്കെത്തിയിരുന്നകാലം സമര്‍ഥരും കായികശേഷിയുള്ള തൊഴിലാളികളെ സ്വന്തമാക്കാന്‍ വള്ളം മുതലാളിമാര്‍ കാത്തിരിക്കും ഇടവം 15 എത്താന്‍. നല്ല മീന്‍ പിടുത്തക്കാരെ അവരുടെ കടം ഉള്‍പ്പെടെ പുതിയ മുതലാളി ഏറ്റെടുക്കും. പഴയ മുതലാളിയുടെ മുഴുവന്‍ കടവും പുതിയ മുതലാളിയെടുക്കും. അങ്ങിനെ മത്സ്യതൊഴിലാളികളുടെ മാറ്റിക്കേറ്റം തീരുമാനിച്ചിരുന്നത് ഇടവം 15നായിരുന്നു.
പുതിയ മുതലാളിയുടെ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോകുക ഇടവം 16ന്. ഇന്നലെ മത്സ്യതൊഴിലാളികള്‍ക്കു പുതുവര്‍ഷമാണ്. വള്ളത്തില്‍ മാറിക്കയറിയ മിടുക്കരായ തൊഴിലാളിക്കു മാത്രമല്ല, അവന്റെ ഭാര്യക്കും കുട്ടികള്‍ക്കും വഞ്ചി മുതലാളി പണം കൊടുക്കും. സന്തോഷത്തില്‍ കിട്ടുന്ന പണവുമായി അവര്‍ നേരെ പോകുന്നത് കടപ്പുറത്തെ ചായക്കടകളിലേക്കാണ്. മടിശീലയിലെ കാശുമായി അവരുടെ വരവുംകാത്ത് കടപ്പുറത്തെ ഓലയില്‍ തീര്‍ത്ത കടയില്‍ ചായക്കടക്കാരന്‍ വിവിധതരം പല ഹാരങ്ങളുമായി കാത്തിരിക്കും. ഇടവം 16 കട പ്പുറത്ത് ഉത്സവമാണ്.
കുടയും ചൂടി കടപ്പുറത്ത് വഞ്ചിമുതലാളിമാര്‍ ഉലാത്തുന്നതിനിടയില്‍ വഞ്ചിപ്പലകയില്‍ അടിക്കുന്ന ശബ്ദം ഉയരും. മീന്‍ ലഭിച്ചതിന്റെ സൂചനയാണ്. പിന്നെ കടപ്പുറത്ത് ആരവമാണ്. മുതലാളിക്കു പുറമെ സഹായികളും ചില്ലറ കച്ചവടക്കാരും മറ്റുമായി ബഹളം നടക്കുന്നതിനിടയില്‍ ആവേശത്തോടെ തണ്ട് വലിച്ച് തിരമാലകളെ കീറിമുറിച്ച് വള്ളം നിറയെ മീനു മായി അവര്‍ കരയ്ക്ക് കയറും.ഇതൊക്കെ പഴയ കഥ. ഇന്ന് എല്ലാം ഓര്‍മ്മ മാത്രം. ഇടവം 15ന്റെ കണക്ക് തീര്‍ക്കലും ഇന്ന ലത്തെ മാറ്റിക്കേറ്റവും ഒരു ചടങ്ങിനുപോലും നടന്നില്ല. കടല്‍ ശൂന്യമാണ്. മത്സ്യക്ഷാമം രൂക്ഷം. കടലില്‍ പോയി വെറുംകൈയോടെ തിരിച്ചുവരുന്നു. മത്സ്യബന്ധനം ആധുനികമായപ്പോള്‍ കടലില്‍ മീനില്ല. എല്ലാവരും പരസ്പരം പഴിചാരുന്നു. ഒന്നുമാത്രം സത്യം- മീന്‍ കിട്ടാനില്ല; ഉള്ളവ യ്ക്ക് തീവിലയാണ്.
ഐസ് പൊടിക്കുന്നവരുടെയും മീന്‍ കയറ്റി വിടുന്നവരുടെയും തിരക്ക് ഒരു ഭാഗത്ത്. ചെറുമീന്‍ മുറിച്ചും അല്ലാതെയും ഉപ്പിട്ട് ഉണക്കുന്നവരുടെയും തിരക്ക് മറുഭാഗത്ത്. കടപ്പുറത്ത് നിറയെ മീനും അവ സൂക്ഷിക്കാനുമുള്ള ചാപ്പകള്‍ വേണ്ടത്ര. ഇത് പണ്ട്. വഞ്ചിയില്‍ മീന്‍ എത്തുന്നത് അപൂര്‍വകാഴ്ച. സീസണ്‍ ഫൈബര്‍ വള്ളങ്ങള്‍ സ്ഥലംവിടാന്‍ തുടങ്ങി. ശേഷിക്കുന്നത് കടലിന്റെ ഇരമ്പം. ലോറിയിലും മത്സ്യബന്ധന ബോട്ടിലും മീന്‍ എത്തിയാല്‍ എത്തി.
ഇന്നലെ വരവ് ചാള കിലോയ്ക്ക് 150 മുതല്‍ 200 രൂപ വരെയായിരുന്നു വില. കമഴ്ത്തിവച്ച വള്ളം ഒന്നു മലര്‍ത്തിയിടാനോ കേടുപാട് തീര്‍ക്കാത്ത വലകള്‍ കടലില്‍ എറി യാനോ ധൈര്യമില്ല. കടലില്‍ ഒന്നുമില്ല. വെറും കൈയോടെ തിരിച്ചുവന്നാല്‍ കടം വീണ്ടുംകൂടും.കടപ്പുറത്തെ സമൃദ്ധിയിലായിരുന്നു ചാവക്കാട് അങ്ങാടിയിലെ കച്ചവടം. ഇതിന്റെ അലയൊലി സമീപത്തെ പട്ടണങ്ങള്‍ക്കും ലഭിച്ചിരുന്നു. പഴം തിന്നിരുന്ന മാതിരിയാണ് പഴം പൊരി കഴിച്ചിരുന്നത്. പിന്നീടത് ഗള്‍ഫുകാര്‍ ഏറ്റെടുത്തു. വിദേശനാണ്യം നേടിത്തരുന്ന കടപ്പുറത്തെ ചെമ്മീനും പ്രവാസികളുടെ പണവുമായി ചാവക്കാടിനെ മിനി ഗള്‍ഫാക്കി.
മത്സ്യക്ഷാമം രൂക്ഷമായപ്പോള്‍ പ്രവാസികളുടെ പ്രതിസന്ധിയും രൂക്ഷമായി, ചാവക്കാട്ടെ കച്ചവടങ്ങള്‍ക്ക് ഇടിവുപറ്റി.ഇതിനിടയില്‍ സ്കൂള്‍ തുറക്കലും റംസാന്‍ നോമ്പ് ആരംഭവും തീരവാസികളെ കഷ്ടത്തിലാക്കി. കുബേര കാരണം പലിശയ്ക്ക് പണം കിട്ടാനില്ല. ആഭരണം പണയപ്പെടുത്തിയും വായ്പ വാങ്ങിയുമാണ് പലരും വിദ്യാര്‍ഥികളെ സ്കൂളിലേക്ക് പോകാന്‍ ഒരുക്കിയിട്ടുള്ളത്. തീരവാസികള്‍ മാത്രമല്ല, പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്.ഇടവപ്പാതി കഴിഞ്ഞാല്‍ ചാറ്റല്‍ മഴ, അതു കഴിഞ്ഞാല്‍ ചാകര. വഞ്ചിനിറയെ ചെമ്മീനും മറ്റ് പലതരം മീനും. കടപ്പുറത്തെ പഴയ കണക്ക് ഇങ്ങിനെയാണ്. കടപ്പുറത്ത് മാത്രമല്ല, പലയിടത്തും കണക്കുകൂട്ടല്‍ തെറ്റുകയാണ്.