മുക്കത്ത് പ്രതീക്ഷയോടെ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം താളംതെറ്റുന്നു

KKD-BLOCKമുക്കം: വര്‍ഷങ്ങളായി നില നിന്ന ബഹുജന ആവശ്യം പരിഗണിച്ച് ഒടുവില്‍ മുന്‍സിപ്പാലിറ്റി മുക്കം പട്ടണത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം വീണ്ടും താളം തെറ്റുകയാണ്. അധികൃതര്‍ ഒരുക്കിയ വണ്‍വേ സംവിധാനങ്ങള്‍ മനപ്പൂര്‍വം വാഹനങ്ങള്‍ ലംഘിക്കുന്നത് പതിവായി. മുക്കംകടവ് പാലം വഴി വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ് വഴിയാണ് അങ്ങാടിയിലേക്ക് പ്രവേശിക്കേണ്ടത്. എന്നാല്‍ ഇതിനു വിരുദ്ധമായി വണ്‍വേ ആക്കിയ ഓര്‍ഫനേജ് റോഡില്‍ക്കൂടി വണ്‍വേക്ക് എതിരായി കാറുകളുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുകയാണ്.ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചതാണ്. എന്നാല്‍ ഇരുവശവും നിറയെ ഇരുചക്രവാഹനങ്ങളടക്കം പാര്‍ക്കു ചെയ്യുന്നുമുണ്ട്. ഇതോടെ  ഈ വീതി കുറഞ്ഞ റോഡില്‍ പഴയതുപോലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.

അങ്ങാടിയില്‍ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും പഴയതുപോലെ പെരുകി. പഴയ ബസ് സ്റ്റാന്റിന്റെ മുന്‍പില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുകയാണ്.അങ്ങാടിയില്‍ നിന്ന് പി.സി. ജംഗ്ഷനിലേക്കുള്ള റോഡും ഇരുവശവും ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗത തടസ്സമുണ്ടാക്കുകയാണ്. ബസുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പകളിലല്ലാതെ നിര്‍ത്തുന്നതും പ്രശ്‌നമാണ്.സംസ്ഥാന പാതയില്‍ പി.സി. ജംഗ്ഷനം പാലത്തിനുമിടയിലാണ് ഏറ്റം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് കുറക്കാനാവശ്യമായ ക്രമീകരണങ്ങളും സംവിധാനങ്ങളും ഉണ്ടാക്കണമെന്ന ഏറ്റവും പ്രധാന ആവശ്യം നടപ്പിലായിട്ടുമില്ല.

നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാനും തിരിച്ചറിയാനും കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഗതാഗത നിയന്തണം ലംഘിക്കുന്നവരെ തടയാനും ഇത്തരക്കാരുടെ പേരില്‍ നിയമ നടപടി ഉണ്ടാവാത്തതുമാണ്  ട്രാഫിക് നിയന്ത്രണങ്ങള്‍ അനുസരിക്കാത്തതിന് പ്രധാന കാരണം.തുടക്കത്തില്‍ പോലിസുകാരും, എസ്.പി.സി., ജെ.ആര്‍.സി., എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും മുന്‍സിപ്പല്‍ അധികൃതരോടൊപ്പം ട്രാഫിക് നിയന്ത്രണത്തിനുണ്ടായിരുന്നു.

ട്രാഫിക് പരിഷ്ക്കരണങ്ങള്‍ വ്യവസ്ഥാപിതമായി നിലവില്‍ വന്നതോടെ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പിന്‍വാങ്ങി. മുക്കം പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം കുറവായതിനാല്‍ ടൗണില്‍ പോലീസുകാരെ നിയോഗിക്കാന്‍ കഴിയാറില്ല.

Related posts