മുക്കം: മാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടുന്ന മുക്കം ടൗണിനെ അതില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച പുതിയ പദ്ധതി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്നത് ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു മുറിയിലാണ്. നേരത്തെ മുക്കം ബസ് സ്റ്റാന്‍ഡില്‍ ഒരു ഭാഗത്ത് കൂട്ടിയിട്ട് അവിടെനിന്ന് സംസ്കരണകേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു ചെയ്തിരുന്നത്.
ഇത് വിവാദമായതോടെയാണ് ആരുമറിയാതെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിറകുവശത്തെ റൂമില്‍ ശേഖരിച്ചുവയ്ക്കുന്നത്. മുക്കം ടൗണില്‍നിന്ന് ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ അടക്കം ഇതിലുണ്ട്. പ്രസ് ഫോറം, കൃഷിഭവന്, നാളികേര സംഭരണ കേന്ദ്രം, വിവിധ കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് ഈ മാലിന്യശേഖരം എന്നതിനാല്‍ ഇത് നിരവധി പേര്‍ക്കാണ് ദുരിതമാകുന്നത്. ഇതിനു പുറമെ കോംപ്ലക്സിലെ റൂമുകള്‍ മത്സ്യ-മാംസ കച്ചവടങ്ങള്‍ക്കോ അവ സൂക്ഷിക്കാനോ നല്കാന് പാടില്ല എന്ന നിയമയും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
മാലിന്യശേഖരണ കേന്ദ്രത്തിന് തൊട്ടടുത്ത റൂമുകള്‍ കച്ചവടക്കാര്‍ തങ്ങളുടെ ഇറച്ചിക്കോഴികള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചിരിക്കുകയാണ്. നഗരസഭാധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരുമെത്തി. കൗണ്‍സിലര്‍മാരായ ടി.ടി. സുലൈമാന്‍, പി.കെ. മുഹമ്മദ് യുഡിഎഫ് നേതാക്കളായ ബഷീര്‍ തെച്യാട്, ശരീഫ് മലയമ്മ എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. മുക്കം ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍തോതില്‍ അനധികൃത കയ്യേറ്റവും നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയയും, വഴിയുമടക്കം കയ്യേറി കച്ചവടം നടന്നിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.