ഡോ. കെ. മുരളീധരന്
റിട്ട. ജനറല്‍ മാനേജര്‍, ഇന്‍ഡോ- സ്വിസ് പ്രൊജക്ട്
കറവ
കറവയ്ക്കു മുന്നേപശുക്കളെകുളിപ്പിക്കുന്ന രീതി കുറെയേറെ ക്ഷീരകര്‍ഷകര്‍ അനുവര്‍ത്തിക്കുന്നുണ്ട്. വെളുപ്പിനു പശുക്കളെ കുളിപ്പിക്കണം എന്നു ശാഠ്യം പിടിക്കണമെന്നില്ല. അകിടും പിന്‍കാലുകളും പിറകുവശവും കഴികിയാല്‍ മതിയാകും. അതിനു മുന്നേ തൊഴുത്തിലെ ചാണകം ഷവല്‍ ഉപയോഗിച്ച് മീല്‍ബാരോയിലേക്കു മാറ്റാന്‍ മറക്കരുത്.
കറവ കൃത്യസമയത്തു തന്നെ നടന്നിരിക്കണം. പക്ഷെ, കറവസമയത്ത് തൊഴുത്തിലെ അന്തരീക്ഷം ശാന്തമായിരിക്കണം. പശുക്കളില്‍ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും തൊഴുത്തിലുണ്ടാക്കരുത്.
കറവയ്ക്കു കന്നുകുട്ടികള് പശുവിനോടു ചേര്‍ന്നു നില്‍ക്കണമെന്ന ധാരണ കര്‍ഷകര്‍ക്കിന്നില്ല. പക്ഷെ, അതിനു പകരമായി തൊഴുത്തില്‍ കറവസമയത്ത് റേഡിയോ സംഗീതം കേള്പിക്കുന്നതും മില്‍ക്കിംഗ് മെഷീനിന്റെ ശബ്ദവും കറവസമയത്ത് കാലിതീറ്റ വയ്ക്കുന്നതും നല്ലതാണ്. ഇത്തരം ദിനചര്യകള്‍ അനുഷ്ഠിക്കുന്നതു മൂലം പശുക്കളുടെ മൊത്തം പാല് കറന്നെടുക്കാനും പാലിന്റെ ഗുണമേന്മ കൂട്ടാനും കന്നുകുട്ടികള്‍ക്ക് അവയുടെ തൂക്കത്തിനാനുപാതികമായി പാല് നല്‍കാനും നാലാം മാസം കന്നുകുട്ടികളുടെ പാല് കുടി നിറുത്താനും കര്‍ഷകര്‍ക്കു കഴിയുന്നു.
കറന്നെടുത്തപാല്‍ ഉടനെ തൊഴുത്തില്‍ നിന്നു മാറ്റി സൂക്ഷിക്കുക. പാലിന് തൊഴുത്തില്‍ കെട്ടി നില്ക്കുന്ന വാതകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ പാല് പെട്ടെന്നു കേടുവരാന്‍ ഇടയാകും. ഈ സാധ്യത ഒഴിവാക്കാനാണ് പാല് തൊഴുത്തില്‍ നിന്നു മാറ്റണം എന്നു പറയുന്നത്.
കറവമാടുകള്‍ക്ക് വളരെയേറെ ശാരീരിക അധ്വാനം ഉണ്ടാകുന്ന പ്രക്രിയയാണ് കറവ. ഇക്കാരണത്താല്‍ മിക്കവാറും പശുക്കള്‍ കറവ കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കിടക്കും. കറവയ്ക്കു മുന്നേ പശുക്കളെ കുളിപ്പിച്ചാല്‍ തൊഴുത്തിന്റെ തറ നനഞ്ഞതായിരിക്കും. നനഞ്ഞ തറയില്‍ കിടക്കാന്‍ പശുവെന്നല്ല, ഒരു ജീവിയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് കറവകഴിഞ്ഞ് തൊഴുത്തു കഴുകുന്ന സമയത്ത് പശുക്കളെ കുളിപ്പിക്കാം എന്നു പറയുന്നത്. വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ ഈ പ്രക്രിയകൊണ്ടു കഴിയും എന്ന ഗുണവും ഇതുമൂലം സാധ്യമാകും.
കറവസമയത്ത് മുലക്കാമ്പിന്റെ അഗ്രഭാഗത്തെ സ്പിംഗ്ളര്‍ മസിലുകള്‍ വികസിച്ചിരിക്കുമ്പോള്‍ കാമ്പിന്റെ അഗ്രഭാഗം നനഞ്ഞ തറയില്‍ നിന്നും സ്പിംഗ്ളര്‍ മസിലുകള്‍ വഴി അണുക്കളെ അകിടിലേക്കു കടക്കാന്‍ അനുവദിക്കുന്നു. ഇതുമൂലം അകിടില്‍ അണുബാധ സാധ്യതയുണ്ടാകുന്നു.
അടുത്തയിടെ ഫോണിലൂടെ ബന്ധപ്പെട്ട ഒരു ക്ഷീകര്‍ഷകന്റെ പ്രശ്നം അദ്ദേഹത്തിന്റെ പശു കിടക്കുന്നില്ല എന്നതായിരുന്നു. പശുവിനെ പൊന്നുപോലെ പരിചരിക്കുന്ന കര്ഷകന് അതിനെ തൊഴുത്തിനു വെളിയില്‍ ഇറക്കാറേയില്ലത്രെ. എന്റെ നിര്‍ദ്ദേശപ്രകാരം പശുവിനെ തൊഴുത്തിനു വെളിയില്‍ ഇറക്കി വെറും മണ്ണില്‍ തണലില്‍ കെട്ടി. അവിടെ തന്നെ കുറച്ചു പുല്ലും വൈക്കോലും കലര്‍ന്ന മിശ്രിതം അതിനു നല്കി. അരമണിക്കുറിനുശേഷം നല്ലവനായ കര്ഷകന് എന്നെ ബന്ധപ്പെട്ടു. പശു കിടന്നുവെന്നും പുല്ല്-വൈക്കോല്‍ മിശ്രിതം നന്നായി കഴിച്ചു എന്നും പറഞ്ഞു. ദിവസവും 7-8 മണിക്കൂര്‍ പശുക്കളെ തൊഴുത്തിനു വെളിയില്‍ ഇറക്കികെട്ടണമെന്ന ഗുണപാഠം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതോടൊപ്പം മാടിന്റെ അകിടിന്റെയും കാലുകളുടെയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹത്തെ മനസിലാക്കി.
തൊഴുത്തിനോടു ചേര്‍ന്നു വേലികെട്ടി പാഡക്ക് നിര്‍മിച്ച് പശുക്കളെ കറവയ്ക്കുശേഷം രണ്ടു നേരവും പാഡക്കില്‍ ഇറക്കിവിടുന്ന സമ്പ്രദായം ഇന്ന് നാട്ടില്‍ പ്രാവര്‍ത്തികമാക്കിയ കര്‍ഷകര്‍ ധാരാളമുണ്ട്.
പാല് മൊത്തം കറന്നെടുത്തശേഷം നാലുകാമ്പുകളും ഉടനെ മരുന്നുലായനിയില്‍ മുക്കുന്നതും അണുബാധ തടയാന്‍ നല്ലതാണ്. മിക്കവാറും കര്‍ഷകര്‍ ഇതു ചെയ്യാന്‍ മടികാണിക്കുന്നവരാണ്.
ഇതുപോലെതന്നെ പശുവിന് അകിടുവീക്കലക്ഷണങ്ങള്‍ ഉണ്ടോയെന്നറിയാന്‍ മൃഗാശുപത്രികളില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ അകിടുവീക്ക നിര്‍ണയ കിറ്റ് ലഭ്യമാണ്. ഈ മരുന്നുപയോഗിച്ച് അകിടുവീക്കം വരാന്‍ സാധ്യതയുണ്ടോ എന്ന് നേരത്തെ അറിയുവാന്‍ കര്‍ഷകര്‍ക്കു കഴിയും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ ടെസ്റ്റിംഗ് നടത്തണം. അകിടു വീക്ക സാധ്യത ബോധ്യപ്പെട്ടാല്‍ ഉടനെ ചികിത്സ ഉറപ്പാക്കുക. അകിടുവീക്കം വരാനുള്ള സാധ്യത 90 ശതമാനവും നിയന്ത്രണവിധേയമാക്കാം.
അകിടുവീക്കം മൂലം വരുന്ന നഷ്ടം അനേകം കോടി രൂപയാണെന്ന് ഓര്‍ക്കുക. അകിടിലെ കലകളില്‍ രക്തത്തില്‍ നിന്നും പാല് ഊറിവരുന്ന പ്രക്രിയ അഞ്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എട്ടുമിനിട്ടുകളോളം മാത്രമേ ഉള്ളൂ. ആയതിനാല്‍ എട്ടു മിനിറ്റിനകം കറവ തീര്‍ത്തിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറവ മാടില്‍ നിന്നും മൊത്തം പാല് ലഭിക്കാന്‍ സാധ്യതയില്ല.
പശുവിന്റെ പിറകുവശത്തെ അകിടില്‍ പാല് കൂടുതലുണ്ടാകും. എന്നാല്‍ മിക്കവാറും കര്‍ഷകര്‍ക്ക് ഇതറിയില്ല. മുന്നിലെ വലതുവശത്തെ കാമ്പില്‍ നിന്നും പാല് കറന്നെടുക്കുന്നതോടൊപ്പം പിറകിലെ ഇടതുവശത്തെ കാമ്പിലെ പാല് കറന്നെടുക്കണം. ഇതേപോലെ മറിച്ചും ചെയ്യുക. വടക്കേ ഇന്ത്യയിലെ വീട്ടമ്മമാര്‍ രണ്ടു പേര് ചേര്‍ന്ന് ഒരേ സമയം മുന്നിലെയും പിന്നിലെയും മുലകാമ്പുകളില്‍ നിന്നും പാല് കറന്നെടുക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. കറവ എട്ടുമിനിറ്റില്‍ തീര്‍ക്കുക എന്ന രഹസ്യമാണ് ഇതിനു പിന്നില്‍. ഫോണ്‍: ഡോ. മുരളീധരന്- 9447055738