ബ്രസല്‍സ്: ഗ്രീസില്‍ അഭയാര്‍ഥിത്വം നിരസിക്കപ്പെടുന്നവരെ തിരിച്ചയയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ ഞായറാഴ്ച പ്രാബല്യത്തിലായി.
ഗ്രീസ് വഴിയാണ് അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടക്കുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതോടെ പതിനായിരക്കണക്കിനു അഭയാര്‍ഥികള്‍ മറ്റെവിടേയ്ക്കും പോകാന്‍ കഴിയാതെ ഗ്രീസില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്.
ഗ്രീക്ക് ദ്വീപായ ലെസ്ബോസിലാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കു വോളന്റിയര്‍മാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. കരാര്‍ പ്രാബല്യത്തിനാകുന്നതു മണിക്കൂറുകള്‍ മാത്രം മുമ്പ്, ടര്‍ക്കിഷ് തീരത്ത് നാലു മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടി മുങ്ങി മരിക്കുകയും ചെയ്തിരുന്നു.
അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരും കുടിയേറ്റ വകുപ്പു ഉദ്യോഗസ്ഥരും വിവര്‍ത്തകരും അടക്കം 2300 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് കരാര്‍ നടപ്പാക്കുന്നതിന് ഗ്രീസിലെത്തിച്ചേരുക.
വിദഗ്ധര്‍ എത്തിച്ചേരുകയും കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമേ ഇതു ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കൂ എന്നു ഗ്രീക്ക് അധികൃതര്‍. 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതിയല്ല ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍