രാജഗിരിയില്‍ നൂതന കൃത്രിമ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

EKM-RAJAGIRIആലുവ: ഏറ്റവും നൂതനമായ കൃത്രിമകാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആലുവ ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിയില്‍ വിജയകരമായി നടത്തി. പുതിയ സാങ്കേതികവിദ്യയായ സി.ആര്‍ അറ്റിയൂണ്‍ നീ-സിസ്റ്റം ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. അപകടങ്ങള്‍ മൂലവും ആര്‍ത്രൈറ്റീസ്  പോലുള്ള രോഗങ്ങള്‍ മൂലവും ചലനശേഷി നഷ്ടപ്പെട്ട നിരവധി ആളുകള്‍ക്ക് ഇത്തരംമുട്ടുമാറ്റിവയ്ക്കല്‍  ശസ്ത്രക്രിയ തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.

45 മിനിട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചീഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മുരുകന്‍ ബാബു, ഡോ. ടോം ജോസ്, ഡോ. ഫിലിപ്പ് കെ. തോമസ്,  ഡോ. ആനി തോമസ്, ഡോ. സച്ചിന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്. യുഎസ്എയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയാണ് കൃത്രിമമുട്ട് നിര്‍മിച്ചിരിക്കുന്നത്.  കൃത്രിമമുട്ടിന് രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ വരെ വില വരും. 20 വര്‍ഷം മുട്ടിനു ഗാരണ്ടി നല്കുന്നുണ്ട്. 34 വര്‍ഷം വരെ നിലനിന്നതായി റിക്കോര്‍ഡ് ഉണെ്ടന്ന് ഡോ. മുരുകന്‍ ബാബു പറഞ്ഞു.

വര്‍ഷങ്ങളുടെ ഗവേഷണം കൊണ്ട് കണ്ടുപിടിച്ച സി.ആര്‍ അറ്റിയൂണ്‍ നീ-സിസ്റ്റത്തിന്റെ വരവോടെ യാതൊരുവിധ ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഇല്ലാതെ രോഗിക്ക് സ്വന്തമായി കാര്യങ്ങള്‍ നിര്‍വഹിക്കാനും കൃത്രിമമായ ജോയിന്റുകളുടെ സഹായത്തോടെ  160 ഡിഗ്രി വരെ മുട്ടുവളയ്ക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ മൂന്നാഴ്ച കൊണ്ട് രോഗിക്ക് പഴയതുപോലെ നടക്കാന്‍ കഴിയും. ആശുപത്രിയില്‍ ഇതുവരെ നൂതനവിദ്യ ഉപയോഗിച്ചുള്ള എട്ടോളം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായും ചീഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ പറഞ്ഞു.

നൂതനവിദ്യ ഉപയോഗിച്ചുള്ള അവസാന കൃത്രിമ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കിഴക്കമ്പലം പഴങ്ങനാട് മഴുവഞ്ചേരി പറമ്പത്ത് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (68) ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ മാറ്റങ്ങള്‍ പത്രസമ്മേളനത്തില്‍ വിവരിച്ചു. അടുത്ത ആഴ്ച ഇവരുടെ ഭര്‍ത്താവ് ജേക്കബിനും(റിട്ട. ഫാക്ട് ഉദ്യോഗസ്ഥന്‍)കാല്‍മുട്ടിനു ശസ്ത്രക്രിയ നടത്തുന്നുണ്ട്. ഇരുകാല്‍മുട്ടിനും ശസ്ത്രക്രിയ നടത്തിയ മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പിട്ടാപ്പിള്ളില്‍ അക്കാമ്മ ജോസ്, കോട്ടയം ചുങ്കം വട്ടമറ്റത്തില്‍ വി.എം. തോമസ് (എസ്ബിടി കോട്ടയം) എന്നിവരും നൂതനവിദ്യയുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി ഓരത്തേനും സംസാരിച്ചു.

Related posts