തളിപ്പറമ്പ്: മഴക്കാലത്തു റോഡുകള്‍ തകരുന്നതു തടയാന്‍ റെഡിമിക്സ് ഉപയോഗിച്ചു ജനകീയ കൂട്ടായ്മയോടെ റോഡിലെ കുഴികള്‍ അടയ്ക്കുന്ന പദ്ധതി തളിപ്പറമ്പില്‍ ആരംഭിച്ചു. ദേശീയപാതയില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള റോഡിലാണ് ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിച്ചത്. ചിറവക്കില്‍ ജയിംസ്മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ മുന്‍കൈയെടുത്ത് ആരംഭിച്ച ഈ പദ്ധതിയിലേക്കു 300 ചാക്ക് റെഡിമിക്സുകള് തളിപ്പറമ്പ് പൊതുമരാമത്ത് വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്. 50 കിലോ വരുന്ന ചാക്കിന് 1,400 രൂപയാണു വില.
ചെറിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ തന്നെ ഇത് ഉപയോഗിച്ച് അടച്ചാല്‍ കുഴി വലുതായി റോഡ് തകരുന്നത് ഒഴിവാക്കാന്‍ കഴിയും. അരമണിക്കൂറിനുള്ളില്‍ ഉറയ്ക്കുമെന്നതാണു റെഡിമിക്സിന്റെ പ്രത്യേകത. തളിപ്പറമ്പ് പൊതുമരാമത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ.ദിവാകരന്, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.ടി.രത്നാകരന്, നഗരസഭാധ്യക്ഷന്‍ അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ റോഡുകള്‍ ജനകീയ കൂട്ടായ്മയിലാണു അറ്റകുറ്റപ്പണി ചെയ്യുന്നത്.