വരന്തരപ്പിള്ളി : കരയാംപാടം റോഡിന്റെ ടാറിംഗിലെ അപാകതയാണ് നാട്ടുകാരെ ദുരിതക്കയത്തിലാക്കിയത്. റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. ടാറിംഗ് കഴിഞ്ഞതോടെ റോഡിന്റെ ഇരുവശത്തുമുള്ള വീട്ടുകാരും ദുരിതത്തിലായി. വീതി കുറഞ്ഞ റോഡ് ഉയരം കൂട്ടി ടാര്‍ ചെയ്തതുമൂലം റോഡിന്റെ ഇരുഭാഗങ്ങളും താഴ്ന്ന നിലയിലാണ്. വീടുകളില്‍ നിന്ന് റോഡിലേക്ക് വാഹനങ്ങള്‍ കയറ്റുവാനോ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും റോഡിലേക്കും തിരിച്ച് വീടുകളിലേക്ക് കയറാനാവാത്ത അവസ്ഥയിലാണ്. രണ്ട് ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ കടന്നുപോകാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
വീതി കുറഞ്ഞതുമൂലം പലപ്പോഴും വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ഗര്‍ത്തത്തിലേക്ക് വീണ് അപകടങ്ങള്‍ പതിവായിട്ടുണ്ട് ഇവിടെ. ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡിനോട് അടുത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. ഉയര്‍ന്ന പ്രദേശമായ മേഖലയില്‍ റോഡുനിര്മ്മാണത്തോടൊപ്പം കാന നിര്മ്മാക്കാത്തതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ ഇരുവശത്തുനിന്നും മണ്ണ് എടുത്തും പുറമെ നിന്ന് മണ്ണ് കൊണ്ടുവന്നുമാണ് റോഡ് ഉയരം കൂട്ടി നിര്‍മ്മിച്ചത്.
കാന നിര്മ്മിക്കാത്തതുമീലം ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം വീടുകളിലേക്കാണ് എത്തുന്നത്. റോഡ് നിര്‍മ്മാണത്തോടൊപ്പം കാനയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് കരാറുകാരന് ഉറപ്പു നല്‍കിയെങ്കിലും റോഡ് നിര്‍മ്മാണം മാത്രം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട്കിലോമീറ്ററോളം ദൂരമുള്ള റോഡിന്റ് ടാറിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു കോടി 18 ലക്ഷം രൂപയാണ് റോഡിന്റെ നിര്‍മ്മാണ ചിലവ്. കാന നിര്‍മ്മിച്ച് റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.