റോഷ്‌നിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് പരിഹാരം കാണും: മന്ത്രി

sunilkumarപത്തനാപുരം: റോഷ്‌നിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് ഉടന്‍പരിഹാരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. അടുത്തമന്ത്രി സഭായോഗത്തില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി ചര്‍ച്ചചെയ്യുമെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ ഉപേക്ഷിച്ച്‌പോയ റോഷ്‌നി(16)യും സഹോദരങ്ങളായ അരുണ്‍(11), അഖില്‍(10), നിഖില്‍(9)എന്നിവര്‍ മുത്തശിയായ കല്യാണിയമ്മ(70)യുടെ സംരക്ഷണയിലാണ്.എസ്എസ്എല്‍സി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച റോഷ്‌നി ഡോക്ടറാകണമെന്ന ആഗ്രഹത്തിലാണ്.എന്നാല്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകവീട്ടില്‍ കഴിയുന്ന റോഷ്‌നിയുടെ ജീവിതം ദീപിക  പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകമറിയുന്നത്.

കശുവണ്ടി ഫാക്ടറിയില്‍ ജോലിയ്ക്ക് പോകുന്ന കല്യാണിയമ്മയുടെ തുച്ഛവരുമാനമാണ് ഏകാശ്രയം.ഇന്നലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാടിയുടെ ഉദ്ഘാടനത്തിന് പട്ടാഴിയില്‍ എത്തിയ മന്ത്രിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ് റോഷ്‌നിയുടെ അവസ്ഥ അറിയിച്ചതോടെയാണ് ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞത്.സ്ഥലം നല്‍കി വീട് നിര്‍മ്മിച്ചുനല്‍കുന്നതും കുട്ടികളുടെ വിദ്യാഭ്യാസച്ചിലവേറ്റെടുക്കുന്നതുമായ കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts