തൊടുപുഴ: ലഹരിയില്‍ മയങ്ങാന്‍ പുതുവഴി തേടി പുതുതലമുറ. തലയ്ക്ക് പിടിക്കുന്ന അലോപ്പതി മരുന്നുകള്‍ക്കായി മെഡിക്കല്‍ ഷോപ്പുകള്‍ കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നാഡീ രോഗ മരുന്നുകള്‍ ലഹരിക്കായി വാങ്ങാനെത്തിയ യുവാക്കളെ ഇന്നലെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അപസ്മാരത്തിനും ഞരമ്പു സംബന്ധമായ രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഈ മരുന്ന് കോളയില്‍ ചേര്‍ത്ത് കഴിച്ചാല്‍ മണിക്കൂറുകള്‍ നീണ്ട കിക്ക് കിട്ടുമത്രെ. ഒരാഴ്ച മുന്‍പ് മലങ്കര സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥി തൊടുപുഴയിലെ മെഡിക്കല്‍ ഷോപ്പില്‍ നാഡീ രോഗത്തിനുള്ള മരുന്ന് അന്വേഷിച്ചെത്തിയിരുന്നു.
അമ്മയ്ക്കെന്നു പറഞ്ഞ് നാലെണ്ണം വാങ്ങുകയും ചെയ്തു.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു ഇയാള്‍ കടയിലെത്തുകയും മരുന്ന് ചോദിക്കുകയും ചെയ്തു. സംശയം തോന്നിയ ഉടമസ്ഥന് ചോദ്യം ചെയ്തപ്പോള്‍ ലഹരിക്കു വേണ്ടിയാണ് മരുന്ന് മേടിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. ഇതോടെ മെഡിക്കല്‍ ഷോപ്പ് ഉടമ പോലീസില്‍ അറിയിക്കുകയായിരുന്നു. സി.ഐ ശ്രീമോന്റെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം വന്നയാളുടെ സുഹൃത്താണെന്നും ഇവരൊരുമിച്ചാണ് ഗുളിക ഉപയോഗിക്കുന്നതെന്നും സമ്മതിച്ചു.
സംഭവം പോലീസ് യുവാക്കളുടെ വീട്ടില്‍ അറിയിക്കുകയും വീട്ടുകാരോടു കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയതിന് ശേഷം മാതാപിതാക്കളുടെ ഒപ്പം വിട്ടയയ്ക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കള്‍ ഇത്തരം വീര്യം കൂടിയ ഗുളികള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായാണ് വിവരം. ഇത്തരം ഗുളികകള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ ഡിമാന്ഡായിരിക്കുന്നത്. ലഹരിക്കായി ഗുളികകള്‍ തേടി ചെറുപ്പക്കാരുടെ തള്ളിക്കയറ്റമുണ്ടായതോടെ ചില ഫാര്‍മസിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരിയുടെ ചേരുവകളെ കുറിച്ചറിയുന്നത്. ന്യൂറോളജിസ്റ്റും അത്യാവശ്യം എം.ഡി ഡോക്ടര്‍മാരുമാണ് ഈ മരുന്ന് കുറിക്കുന്നത്.
ഇത്തരം മരുന്നുകളുടെ വിപണനത്തിന് ശക്തമായ നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. ദുരുപയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡോക്ടറുടെ പഴക്കമില്ലാത്ത കുറിപ്പടി കൂടിയേ തീരൂ. മാത്രമല്ല ഇതിന്റെ ഫോട്ടോസ്റ്റാറ്റ് മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും വേണ്ടതുണ്ട്. ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇവ പരിശോധിക്കുകയും ചെയ്യും. ഇതൊന്നും അറിയാതെയാണ് ആവശ്യക്കാരുടെ അന്വേഷണം.
അതേസമയം ചില പ്രദേശങ്ങളിലെ ഒറ്റപ്പെട്ട മരുന്നുകടക്കാര്‍ ഇത്തരം മരുന്നുകള്‍ അമിത വിലക്ക് വിറ്റ് ലാഭം കൊയ്യുന്നതായി മെഡിക്കല്‍ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. ചില മെഡിക്കല്‍ ഷോപ്പുകളില്‍ മനോരോഗ സംബന്ധമായ മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു ശരിവെക്കുന്നതാണ് മരുന്നു തേടി എത്തുന്നവര്‍ നല്കുന്ന സൂചന.
മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന് അധികൃതര്‍ കൈക്കൊള്ളുന്ന നടപടികളോടൊപ്പം ബോധവത്കരണവും അനിവാര്യമാണെന്ന് ഫാര്‍മസി രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം മരുന്നുകളുടെ ദുരുപയോഗം വിഷാദ രോഗത്തിനും മനോവിഭ്രാന്തിക്കും ഇടയാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.