ലോകകപ്പ് യോഗ്യത; ഗോള്‍ മഴയോടെ ജര്‍മനി

sp-germaniലണ്ടന്‍: റഷ്യന്‍ ലോകകപ്പിനായുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ പോരാട്ടത്തില്‍ പ്രമുഖരെല്ലാം വിജയം കണ്ടു. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, പോളണ്ട് വടക്കന്‍അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളെല്ലാം രണ്ടാം റൗണ്ട് മത്സരത്തില്‍ വന്‍ ജയത്തോടെ കുതിക്കുന്നു. ഇന്ത്യന്‍സമയം ഇന്നു പുലര്‍ച്ചെ 1.15നായിരുന്നു മത്സരങ്ങള്‍.

ഗ്രൂപ്പ് സിയില്‍ സാന്‍മരീനോയെ ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. ഇതോടെ നാലു മത്സരങ്ങളില്‍ നിന്നായി 12 പോയിന്റുമായി ഒന്നാംസ്ഥാനത്തു തുടരുകയാണ് ജര്‍മനി. ഹോംഗ്രൗണ്ടില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ സാന്‍മരീനോ ഒരു പോയിന്റു പോലും ലഭിക്കാതെ അവസാന സ്ഥാനത്താണുള്ളത്. ഏഴാം മിനിറ്റില്‍ സമി ഖദീരെ, ഒമ്പത്, 58, 76 മിനിറ്റുകളില്‍ ഹാട്രിക്കുമായി  സെര്‍ജെ ഗ്‌നാബ്രറി, 32, 65 മിനിറ്റുകളില്‍ ജോണ്‍ ഹെക്ടടറും ഗോള്‍ നേടിയപ്പോള്‍ ഏഴാമത് ഗോള്‍ സെല്‍ഫായി. 82ാം മിനിറ്റില്‍ മാറ്റിയ സ്റ്റെഫനെല്ലിയാണ് ഗോള്‍ വഴങ്ങിയത്. ജര്‍മനിയുടെ എട്ടാമത്തെ ഗോള്‍ 85ാം മിനിറ്റില്‍ കെവിന്‍ വോളണ്ടും നേടി. ജര്‍മനിയുടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ തളരുകയായിരുന്നു സാന്‍മരീനോ.

പാരീസില്‍ സ്വീഡനെ വരവേറ്റ ഫ്രാന്‍സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്. രണ്ടാംപകുതിയിലായിരുന്നു ഗോളുകളെല്ലാം. അമ്പത്തിനാലാം മിനിറ്റില്‍ സ്വീഡന്റെ എമില്‍ ഫോറസ്‌ബെര്‍ഗ് ആണ് ആദ്യഗോള്‍ നേടിയത്. മറുപടിയായി ഫ്രാന്‍സിന്റെ  പ്രഗത്ഭതാരങ്ങളായ പോള്‍ പോഗ്ബ അമ്പത്തിയേഴാം മിനിറ്റില്‍ സമനില വരുത്തി. തുടര്‍ന്നു 65ാം മിനിറ്റില്‍ ദിമിത്രി പയറ്റിലൂടെ ഫ്രാന്‍സ് ലീഡ് നേടി വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ മികച്ച പ്രകടനം തുടരുന്ന ഫ്രാന്‍സിനു  പത്തു പോയിന്റായി. ഫ്രാന്‍സ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. ഏഴു പോയിന്റുമായി സ്വീഡന്‍ രണ്ടാമതും.

വിഖ്യാതമായ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നിറഞ്ഞാടിയ ഇംഗ്ലണ്ട് എതിരാളികളായ സ്‌കോട്ട്‌ലന്‍ഡിനെ (3-0) ഗോളുകള്‍ക്കു തകര്‍ത്തു വിട്ടു. ആക്രമണകാരികളായ സ്‌കോട്ട്‌ലന്‍ഡിനെതിരേ തുടക്കത്തിലേ ഗോള്‍ നേടി ആധിപത്യം സ്ഥാപിക്കുകയായിരുന്നു ഇംഗ്ലണ്ട്.  24ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജ്, 50ാം മിനിറ്റില്‍ ആദംലല്ലാന, 61ാം മിനിറ്റില്‍ ഗാരികാഹില്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. മൂന്നു ഗോളുകളും ഹെഡറിലൂടെയായിരുന്നുവെന്നത് കൗതുകകരമായി. വന്‍ ജയത്തോടെ ഇംഗ്ലണ്ടിനു ഗ്രൂപ്പ് എഫില്‍ പത്തു പോയിന്റായി. ഒന്നാംസ്ഥാനത്താണ് ഇംഗ്ലണ്ട്.

ഗ്രൂപ്പ് ഇയില്‍ പോളണ്ട് ഉജ്വല ജയം നേടി. റുമാനിയെയാണ് അവര്‍ (3-0) ഗോളുകള്‍ക്കു തോല്‍പ്പിച്ചത്. 11ാം മിനിറ്റില്‍ മധ്യനിരതാരം കാമില്‍ ഗ്രോസിസ്കി ഒരു ഗോള്‍ നേടിയപ്പോള്‍ 82ാം മിനിറ്റിലും കളിയുടെ അധികസമയത്തും ലെവന്‍ഡോവ്‌സ്കി ഇരട്ടഗോളുകള്‍ നേടി ലീഡുയര്‍ത്തി. പത്തു പോയിന്റുമായി പോളണ്ടും ഒന്നാമതാണ്. മറ്റുമത്സരങ്ങളില്‍ സോള്‍വാക്യ(4-0) ലിത്വിയാനയെയും വടക്കന്‍ അയര്‍ലന്‍ഡ് (4-0)  അസര്‍ബൈജാനെയും  സ്ലോവെനിയ (1-0)  മാള്‍ട്ടയെയും ഡെന്‍മാര്‍ക്ക് (4-1)കസാഖ്സ്ഥാനെയും ചെക്ക്‌റിപ്പബ്ലിക് (2-1) നോര്‍വെയെയും പരാജയപ്പെടുത്തി.

Related posts