വനത്തില്‍ മൂത്രമൊഴിക്കരുതേ… വനത്തില്‍ മൂത്രമൊഴിച്ചതിനു 1600 രൂപ പിഴ; വനംവകുപ്പ് ഓഫീസില്‍ കൊണ്ടുപോയി ഭീഷണിയും; സംഭവം മറയൂരില്‍

urinal1മറയൂര്‍: അന്തര്‍സംസ്ഥാന പാതയ്ക്കരുകില്‍ മൂത്രമൊഴിച്ചതിനു മൂന്നു യുവാക്കളില്‍നിന്നും 1600 രൂപ പിഴ ഈടാക്കി. മറയൂരില്‍നിന്ന് ഉടുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുന്നവഴി അമരാവതി ഡാമിന്റെ വൃഷ്ടിപ്രദേശമായ പൊങ്കനോട ഭാഗത്ത് മൂത്രമൊഴിച്ച കുറ്റത്തിനാണ് തമിഴ്‌നാട് ഉടുമല്‍പേട്ട റേഞ്ച് ഓഫീസര്‍ പിഴയടപ്പിച്ചത്. മറയൂര്‍ സ്വദേശികളായ മൂന്നുപേരില്‍ നിന്നാണ് 1600 രൂപ പിഴയായി ഈടാക്കിയത്.

കഴിഞ്ഞദിവസം വൈകുന്നേരം ഉടുമല്‍പേട്ടയ്ക്ക് പോകുമ്പോള്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കുമ്പോള്‍ ഉടുമല്‍പേട്ട റേഞ്ച് ഓഫീസറും സംഘവും ജീപ്പിലെത്തി ഇവരെ ചോദ്യം ചെയ്തു. കൂടാതെ യുവാക്കളെ വനംവകുപ്പ് ഓഫീസില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മൂത്രമൊഴിച്ചതിന് പിഴയായി 1600 രൂപ ഈടാക്കി രസീതുംനല്‍കി.

രസീതില്‍ പലതരത്തിലുള്ള വനം കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഒരാളില്‍നിന്ന് 600 രൂപയും മറ്റു രണ്ടുപേരില്‍നിന്ന് 500 രൂപ വീതവുമാണ് പിഴയടപ്പിച്ചത്. പിഴച്ചീട്ട് ഒപ്പിട്ട് സീല്‍ചെയ്ത് നല്‍കിയിരിക്കുന്നത് ഉടുമല്‍പേട്ട റേഞ്ച് ഓഫീസറാണെങ്കിലും പിഴച്ചീട്ട് ആനമല ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ തമിഴ്‌നാട് ട്രസ്റ്റ് എന്ന സംഘടനയുടേതാണ്.

Related posts